ബ്യൂട്ടീഷ്യന്‍റെ കൊലപാതകം: വിധി 11ന്
text_fieldsകൊല്ലം: ബ്യൂട്ടീഷ്യനായ യുവതിയെ കൊല്ലത്തുനിന്ന് പാലക്കാട്ട് എത്തിച്ച് കൊലപ്പെടുത്തി, മൃതദേഹം വെട്ടിമുറിച്ച് കുഴിച്ചിട്ട കേസിൽ കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി മെയ് 11ന് വിധി പറയും. പ്രതി കോഴിക്കോട് സ്വദേശിയായ പ്രശാന്ത് നമ്പ്യാരുടെ ഭാര്യയുടെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട യുവതി. ഇവരുമായി രഹസ്യമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച പ്രതി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.
വിവാഹമോചിതയായ യുവതി പ്രതിയിൽ നിന്ന് കൃത്രിമ ബീജ സങ്കലനത്തിലൂടെ കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. തന്‍റെ കുടുംബജീവിതത്തെ ഇത് ബാധിക്കുമെന്ന് കരുതിയ പ്രതി യുവതിയെ തന്ത്രപൂർവം പാലക്കാട് മണലിയിലുള്ള വാടകവീട്ടിൽ എത്തിച്ചാണ് കൊലപ്പെടുത്തിയത്.
2020 മാർച്ച് 17ന് കോലഞ്ചേരിയിൽ പരിശീലനത്തിന് പോകുന്നുവെന്ന് പറഞ്ഞ് കൊല്ലത്തെ വീട്ടിൽനിന്ന് പോയ യുവതി മാർച്ച് 20നാണ് വീട്ടുകാരുമായി അവസാനം സംസാരിച്ചത്. 22ന് തിരികെ എത്തുമെന്ന് പറഞ്ഞിരുന്ന യുവതി എത്താതിരുന്നതിനെതുടർന്ന് വീട്ടുകാരുടെ പരാതിയിൽ കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് ബന്ധപ്പെട്ടെങ്കിലും ഇയാൾ അന്വേഷണം വഴിതെറ്റിക്കുന്ന രീതിയിലാണ് മറുപടി നൽകിയത്. കോവിഡ് തുടക്കത്തിൽ ആയിരുന്നതിനാൽ അന്വേഷണത്തിന് പരിമിതി ഉണ്ടായിരുന്നു.
തുടർന്ന് സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് പൊലീസ് കമീഷണർ ബി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേകഅന്വേഷണ സംഘമാണ് തിരോധാനത്തിൽ പ്രശാന്ത് നമ്പ്യാരുടെ പങ്ക് വെളിച്ചത്തുവന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പാലക്കാടുനിന്ന് മൃതദേഹം കണ്ടെത്തിയത്.
പ്രതി ഫോണിൽ നിന്ന് ഡീലീറ്റ് ചെയ്ത ചാറ്റുകൾ ഉൾപ്പെടെ വീണ്ടെടുത്താണ് തെളിവുകൾ ഹാജരാക്കിയത്. എ.സി.പി ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ വി.അനിൽകുമാർ, സി.അമൽ, സൈബർ പൊലീസ് ഉദ്യോഗസ്ഥരായ എ.നിയാസ്, പ്രതാപ്, എന്നിവരാണ് ചാറ്റുകൾ വീണ്ടെടുത്തത്.
സൈബർ ഫോറൻസിക് ഉദ്യോഗസ്ഥയായ എ.എസ്. ദീപ പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയ രേഖകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻരാജാണ് ഹാജരായത്. പ്രതികൾക്കായി കോഴിക്കോട് ബാറിലെ അഡ്വ. എം. മഹേഷ്, അഡ്വ. വി.കെ. വിപിനചന്ദ്രൻ, അഡ്വ. ബിനോയ്ദാസ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

