ആളുകേറാമലയിലെ കൊലപാതകം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
text_fieldsമുക്കടവ് ആളുകേറാമലയിൽ നടന്ന കൊലപാതകത്തിന്റെ അന്വേഷണാർഥം ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നു
പുനലൂർ: പ്രമാദമായ മുക്കടവ് ആളുകേറാമലയിലെ കൊലപാതകകേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ചാരുംമൂട് താമരക്കുളം ചേറ്റാരിക്കൽ ക്ഷേത്രത്തിന് സമീപം വേടരപ്ലാവിൽ വീട്ടിൽ പാപ്പർ എന്ന അനികുട്ടൻ (46) ക്രൂരമായ നിലയിൽ കൊല്ലപ്പെട്ടതായിരുന്നു സംഭവം. മാസങ്ങൾ നീണ്ട അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താൻ ലോക്കൽ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഏറെ വിവാദമായ കൊലക്കേസിെൻറ അന്വേഷണം അടുത്തിടെ ക്രൈംബ്രാഞ്ചിന് സർക്കാർ കൈമാറി.
ക്രൈംബ്രാഞ്ച് കൊല്ലം യൂനിറ്റ് ഇൻസ്പെക്ടർ അജികുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശനിയാഴ്ച സംഭവ സ്ഥലത്തെത്തി പ്രാഥമിക വിവരം ശേഖരിച്ചു. കൂടാതെ, ഇതുവരെ അന്വേഷണം നടത്തിയ പുനലൂർ പൊലീസിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. ഇനിയുള്ള ദിവസങ്ങളിൽ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കും. പുനലൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം മാസങ്ങൾ നീണ്ട അന്വേഷണത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 23ന് ആണ് മുക്കടവ് ആളുകേറാമല റബർ തോട്ടത്തിൽ ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ആളിനെ തിരിച്ചറിയാൻ കഴിയാത്തനിലയിൽ മുഖം കത്തിക്കരിഞ്ഞ് കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച് മരത്തിൽ പൂട്ടിയനിലയിലായിരുന്നു. നെഞ്ചിൽ ആഴത്തിലുള്ള മുറിവും ഏറ്റിരുന്നു. ഈ കേസിൽ പ്രതിയെന്ന് ആദ്യം സംശയിച്ച ആളാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് കണ്ടെത്തിയത് അന്വേഷണത്തിൽ വഴിത്തിരിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

