കവർച്ചക്കിടെ കൊല: വിചാരണ നാളെ മുതൽ
text_fieldsകൊല്ലം: ഒറ്റക്ക് താമസിച്ചിരുന്ന വിധവയെ സൗഹൃദം നടിച്ച് കവർച്ചക്കായി കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്ച വിചാരണ ആരംഭിക്കും. കടയ്ക്കൽ പുതുകോണം സീതാമന്ദിരം വീട്ടിൽ സീതാമണിയമ്മയെ (66) കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൊബൈൽ ഫോണും സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലാണ് സാക്ഷി വിസ്താരം ആരംഭിക്കുന്നത്.
മെഡിക്കൽ കോളജിൽ ക്ലീനിങ് വിഭാഗത്തിൽ താൽകാലിക ജോലിക്കാരനായിരുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് നെല്ലനാട് തൈക്കാട് കെ പി. ഹൗസിൽ റഹീമാണ് പ്രതി. കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജ് വി. ഉദയകുമാറാണ് കേസ് പരിഗണിക്കുന്നത്.
2018 ജനുവരി 11ന് രാത്രി 2.30യോടെയാണ് സംഭവം നടന്നത്. ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ച സീതാമണിയമ്മ മൂന്ന് പെൺമക്കളുടെ വിവാഹ ശേഷം ഒറ്റക്കായിരുന്നു താമസം. സീതാമണിയമ്മയെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിൽ ദിവസങ്ങൾക്ക് ശേഷം വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. നഷ്ടമായ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായ പ്രതിയെ അമ്മയുടെ ചികിത്സക്ക് ആശുപത്രിയിലെത്തിയ സീതാമണിയമ്മ പരിചയപ്പെട്ടിരുന്നു. തുടർന്ന് ഇവരുടെ വീട് സന്ദർശിക്കുമായിരുന്ന പ്രതി പണം ചോദിച്ചിട്ട് നൽകാത്തതിന്റെ വൈരാഗ്യത്തിലാണ് കൊലനടത്തിയത് എന്നാണ് പൊലീസിന് മൊഴി നൽകിയത്. ദൃക്സാക്ഷികളില്ലായിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
കടയ്ക്കൽ ഇൻസ്പെക്ടർ എസ്. സാനിയാണ് കേസ് അന്വേഷിച്ചത്. ഇൻസ്പെക്ടർ എസ്. ജയകുമാർ ആണ് കുറ്റപത്രം സമർപ്പിച്ചത്. സീതാമണിയമ്മയുടെ മക്കൾ അടക്കം 51 പേരെയാണ് സാക്ഷികൾ. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

