മൺറോതുരുത്ത് റെയിൽവേ ടൂറിസം; ഐ.ആർ.സി.ടി.സി നടപടി തുടങ്ങി
text_fieldsമൺറോ തുരുത്ത്
കൊല്ലം: ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ മൺറോത്തുരുത്തിൽ റെയിൽവേ ബന്ധിത ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി) നടപടി ആരംഭിച്ചു. മൺറോത്തുരുത്തിലെ 12 ഏക്കറിലധികം വിസ്തൃതിയിലുള്ള റെയിൽവേ ഭൂമിയെ വിനോദസഞ്ചാര വികസനത്തിനായി പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതി.
ഐ.ആർ.സി.ടി.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സഞ്ജയ് കുമാർ ജെയ്നിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷ് എം.പി നേരത്തെ കത്ത് അയച്ചിരുന്നു. തുടർന്ന്, ഐ.ആർ.സി.ടി.സി കഴിഞ്ഞ മാസം 25ന് ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ അധികൃതരുമായി കൂടിയാലോചന നടത്തി.
യോഗത്തിൽ മൺറോത്തുരുത്തിലെ ഭൂമി വിനോദസഞ്ചാര വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിന് ഓഫീസർ ലെവൽ കമ്മിറ്റി രൂപ്വവത്കരിച്ച് പ്രാഥമിക പഠനം നടത്താനും തീരുമാനിച്ചു. ദക്ഷിണ റെയിൽവേയുടെ ഫീസിബിലിറ്റി റിപ്പോർട്ട് ലഭിച്ചശേഷം ഐ.ആർ.സി.ടി.സി സമഗ്രമായ പ്രൊജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കുമെന്നാണ് അറിയുന്നത്. മൺറോത്തുരുത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ ചൂണ്ടിക്കാട്ടി വിവിധ പദ്ധതികളാണ് പരിഗണനയിലുള്ളത്.
ഇക്കോ-ടൂറിസം റിസോർട്ട് ആൻഡ് ഹെറിറ്റേജ് ഹോംസ്റ്റേകൾ, ബാക്ക് വാട്ടർ കനാലുകൾക്കും ഗ്രാമീണ ജീവിതത്തിനും ചേർന്ന ഹെറിറ്റേജ് വില്ലേജ്, സംസ്കാരിക വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ആയുർവേദ വെൽനെസ് ആൻഡ് കലാസാംസ്കാരിക കേന്ദ്രങ്ങൾ, സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് കൊച്ചുവേളി, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ റൂട്ടുകൾ ഉൾപ്പെടുത്തി റെയിൽവേ ബന്ധിത പാക്കേജ് ടൂറിസം, വിനോദ സഞ്ചാരികൾക്ക് പ്രത്യേക പാക്കേജുകൾ ഒരുക്കൽ തുടങ്ങിയ പദ്ധതികളാണ് പരിഗണനയിലുള്ളത്. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ മൺറോത്തുരുത്തിന് പുതിയ മുന്നേറ്റം നൽകാൻ ഈ പദ്ധതി സഹായകരമാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
മൺറോത്തുരുത്തിന്റെ പ്രത്യേകതകൾ
അഷ്ടമുടി തടാകവും കല്ലട നദിയും ചുറ്റിനിൽക്കുന്ന മനോഹരമായ ദ്വീപ് ഗ്രാമമാണ് മൺറോത്തുരുത്ത്. പരമ്പരാഗത മത്സ്യബന്ധനവും കൃഷിയും ആശ്രയിച്ചുള്ള ജീവിതരീതിയുള്ള ഈ പ്രദേശം പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിന് ഏറ്റവും അനുയോജ്യമാണ്. മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ ഇതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ റെയിൽവേ അടിസ്ഥാനത്തിലുള്ള വിനോദസഞ്ചാര വികസനത്തിന് വലിയ സാധ്യതയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

