മുളയറച്ചാൽ മാലിന്യ പ്ലാന്റ്; പ്രതിഷേധിച്ചവർക്ക് പൊലീസ് മർദനം
text_fieldsമുളയറച്ചാലിൽ പൊലീസ്
ലാത്തിവീശുന്നു
ഓയൂർ: മുളയറച്ചാൽ മാലിന്യ പ്ലാന്റിൽ മാംസാവശിഷ്ടങ്ങൾ കൊണ്ടുവന്ന ലോറി നാട്ടുകാർ തടഞ്ഞു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. പ്രതിഷേധിച്ച സ്ത്രീകടളക്കമുള്ളവരെ പൊലീസ് മർദിച്ചു. വനിത പൊലീസിന്റെ അഭാവത്തിൽ സ്ത്രീകൾക്ക് നേരെ പുരുഷന്മാരായ പൊലീസുകാർ ബലപ്രയോഗത്തിന് മുതിർന്നതും വലിച്ചിഴച്ചതും പ്രദേശത്ത് വ്യാപക പ്രതിഷേധത്തിന് കാരണമായി. ഇറച്ചി മാലിന്യം വാഹനത്തിൽ കൊണ്ടുവരുന്നതറിഞ്ഞാണ് പ്രദേശവാസികളായ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പ്ലാന്റിന്റെ മുൻഭാഗത്ത് എത്തിയത്.
മാലിന്യം കൊണ്ടുവന്ന ലോറി തടഞ്ഞതോടെ പൊലീസെത്തി പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിച്ചു. കൂടുതൽ ആളുകൾ പ്രതിഷേധവുമായി ഒത്തുകൂടിയതോടെ പൊലീസ് സ്ഥലത്തേക്ക് വന്നു. തുടർന്നാണ് പ്രതിഷേധക്കാർക്ക് നേരെ ലാത്തിയടിയുണ്ടായത്. പൂയപ്പള്ളി സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ലാത്തിവീശിയതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഭയന്ന് നിലവിളിച്ചു. നിരവധിപേർ മർദനത്തിനിരയായി. സ്ത്രീകളെ നിലത്തിട്ട് വലിച്ചിഴക്കുകയായിരുന്നുവെന്ന് സമരക്കാർ പറഞ്ഞു.
വാഹനം പാന്റിനകത്തേക്ക് പ്രവേശിപ്പിക്കാൻ തുടങ്ങിയപ്പോൾ പ്രതിഷേധക്കാർ വീണ്ടും തടഞ്ഞു. ലോറി അകലെയുള്ള ചെറുക്കലിലെ റോഡ് വശത്തേക്ക് മാറ്റിയിട്ടു. ഇവിടെയും ദുർഗന്ധം പരന്നതോടെ നാട്ടുകാർ സംഘടിച്ച് അവിടെ നിന്ന് വാഹനം മാറ്റിച്ചു. രാവിലെ കൊട്ടാരക്കര ഡിവൈ.എസ്.പി സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. കലക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ പി. ശുഭനും ഉച്ചകഴിഞ്ഞ് ഡി.എം.ഒയും പ്ലാന്റ് സന്ദർശിച്ചു. പൂയപ്പള്ളി ഇൻസ്പെക്ടർക്കെതിരെ മർദനമേറ്റ സ്ത്രീകളും കുട്ടികളും എസ്.പിക്ക് പരാതി നൽകി.
ഹൈകോടതിയുടെ ഉത്തരവ് പ്രകാരമാണ് പ്ലാന്റിലേക്ക് ലോറി കടത്തിവിടാൻ ശ്രമിച്ചതെന്ന് ഇൻസ്പെക്ടർ പറഞ്ഞു. അതേസമയം വരുംദിവസങ്ങളിലും മാലിന്യ പ്ലാന്റിലേക്ക് ലോഡുമായി വരുന്ന വാഹനങ്ങൾ തടയുമെന്ന് നാട്ടുകാർ പറഞ്ഞു. കലക്ടറുടെ നിർദേശപ്രകാരം പ്ലാന്റ് പ്രവർത്തനം താൽക്കാലികമായി നിർത്തിവക്കാൻ തഹസിൽദാർ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

