റിയൽ എസ്റ്റേറ്റ് ഇടപാടിന് വിളിച്ചുവരുത്തി പണം കവർന്നതായി പരാതി
text_fieldsകൊല്ലം: തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിെൻറ പേര് ദുരുപയോഗിച്ച് റിയൽ എസ്റ്റേറ്റ് ഇടപാടിന് വിളിച്ചുവരുത്തിയവർ ഭീഷണിപ്പെടുത്തി പണംതട്ടുകയും കവർച്ച നടത്തുകയും ചെയ്തതായി പരാതി. കൊല്ലം പള്ളിത്തോട്ടം അഞ്ജലി നഗറിൽ താമസക്കാരനായ സക്കറിയ ആണ് ഡി.ജി.പിക്കും എ.സി.പിക്കും പരാതി നൽകിയത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ തന്നെ തമിഴ്നാട് അതിർത്തിയായ കമ്പത്തേക്ക് വിളിച്ചുവരുത്തിയ തമിഴ്നാട് സ്വദേശികൾ ഉപദ്രവിക്കുകയും പണവും ആഭരണങ്ങളും പിടിച്ചെടുക്കുകയും രേഖകൾ ഒപ്പിട്ടുവാങ്ങുകയും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി സക്കറിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പരാതിയിൽ പറയുന്നത്: സുഹൃത്തിെൻറ കുമരകത്തെ റിസോർട്ട് വിൽക്കാൻ 11ന് പത്രത്തിൽ പരസ്യം നൽകിയതിന് പിന്നാലെ തമിഴ്നാട് സ്വദേശികളിൽ നിന്ന് ഫോൺവഴി പ്രതികരണം വന്നു. ഒ. പന്നീർസെൽവത്തിെൻറ പി.എ ആണെന്നും അദ്ദേഹത്തിന് റിസോർട്ട് വാങ്ങാൻ താൽപര്യമുണ്ടെന്നുമാണ് പറഞ്ഞത്. പന്നീർസെൽവം കുമളിയിൽ ഉണ്ടെന്നും നേരിട്ട് സംസാരിക്കാൻ വരണമെന്നും തുടർച്ചയായി പറഞ്ഞതനുസരിച്ച് 13ന് ഡ്രൈവർക്കൊപ്പം അവിടേക്ക് പോയി. പിന്നാലെ കമ്പത്ത് എത്താൻ ആവശ്യപ്പെട്ടു. അവർ പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ രണ്ട് പേർ കാറിൽ കയറി ഒരു ഫാം ഹൗസിലേക്ക് കൊണ്ടുപോയി.
അവിടെ എത്തിയതിന് പിന്നാലെ പത്തോളം പേർ ചേർന്ന് കത്തിയും തോക്കും കാട്ടി ഭീഷണിപ്പെടുത്തുകയും അടിക്കുകയും ൈകയിലുണ്ടായിരുന്ന 55000 രൂപയും ഫോണും മാലയും മോതിരവുമെല്ലാം കൈക്കലാക്കുകയും ചെയ്തു. തുടർന്ന് ഫോണിലെ കാൾലിസ്റ്റിലെ വിവരങ്ങൾ ചോദിച്ച്, സ്വർണവ്യാപാരിയായ സുഹൃത്തിൽ നിന്ന് പണം ആവശ്യപ്പെടാൻ പറഞ്ഞു. ഇതനുസരിച്ച് അഞ്ച് ലക്ഷം രൂപ അവരുടെ അക്കൗണ്ടിൽ എത്തിയതിന് ശേഷമാണ് മോചിപ്പിച്ചത്. കൂട്ടത്തിൽ സ്റ്റാമ്പ് പതിപ്പിച്ച രേഖകളിൽ ഉൾപ്പെടെ ഒപ്പിടീച്ചു.
രാത്രിയോടെ മോചിതരായ താനും ഡ്രൈവറും നാട്ടിലെത്തിയതിന് പിന്നാലെ അഭിഭാഷകനുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നെന്ന് സക്കറിയ പറഞ്ഞു. അക്കൗണ്ടിലെ നാല് ലക്ഷം രൂപ കവർച്ചക്കാർ കൈക്കലാക്കുകയും ഒരു ലക്ഷം ബ്ലോക്ക്ചെയ്യുകയും ചെയ്തു. തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതായും സക്കറിയയും അഭിഭാഷകൻ ഹരികുമാറും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

