കാണാതായ ജി.എസ്.ടി ഓഫിസറെ തമിഴ്നാട്ടിൽ കണ്ടെത്തി
text_fieldsകൊല്ലം: കഴിഞ്ഞ 30ന് കൊച്ചിയില്‍നിന്ന് കാണാതായ ജി.എസ്.ടി ഇന്‍റലിജന്‍സ് വിഭാഗം ഓഫിസറെ തമിഴ്നാട്ടിൽ കണ്ടെത്തി. കളമശ്ശേരി സെയിൽസ്ടാക്‌സ് ഇന്‍റലിജന്‍സ് വിഭാഗം ജി.എസ്.ടി ഓഫിസര്‍ കൊറ്റങ്കര പേരൂര്‍ സുമാലയത്തില്‍ അജികുമാറിനെയാണ് (52) തമിഴ്‌നാട് തൂത്തുക്കുടിയില്‍നിന്ന് കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് കണ്ടെത്തിയത്.
ഉദ്യോഗസ്ഥനെ കാണാതായ സംഭവത്തില്‍ ആഴ്ചകളായി അന്വേഷണ സംഘത്തിന് ഒരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം ഹൈകോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണിത്. അജികുമാറിന്‍റെ ചിത്രം അയൽ സംസ്ഥാനങ്ങളിലെ പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് തൂത്തുക്കുടിയില്‍ അജികുമാറിനെ കണ്ടതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു.
സ്ഥലത്തെത്തിയ ഇന്‍ഫോപാര്‍ക്ക് പൊലീസ് തൂത്തുക്കുടി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് കൊച്ചിയിലെത്തിച്ച് കാക്കനാട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. ജോലി സംബന്ധമായ മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്ന് നാടുവിട്ടെന്നാണ് അജികുമാര്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.
മൂന്നു മാസം മുമ്പാണ് പുനലൂരില്‍നിന്ന് അജികുമാര്‍ കാക്കനാട്ടേക്ക് സ്ഥലം മാറിയെത്തിയത്. അവധിക്കുശേഷം ജോലിയില്‍ പ്രവേശിക്കാൻ 29ന് എറണാകുളത്തേക്ക് തിരിച്ച അജികുമാറിനെ പിന്നീട് കാണാതാവുകയായിരുന്നു. സ്ഥലംമാറിയപ്പോള്‍ കൈകാര്യം ചെയ്തിരുന്ന മൂന്ന് ഫയലുകള്‍ കൈമാറിയില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ പുനലൂരിലെ ഓഫിസില്‍നിന്ന് ബന്ധപ്പെട്ടിരുന്നു. പുതുതായി എത്തിയ ഉദ്യോഗസ്ഥന്‍ ഈ ഫയലുകള്‍ കിട്ടാതെ സ്ഥാനം ഏറ്റെടുക്കില്ലെന്ന് നിലപാടെടുത്തു. ഇതിനെത്തുടര്‍ന്ന് അജികുമാറിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ബന്ധുക്കളുടെ പരാതിയില്‍ കിളികൊല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണത്തിനായി കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

