കാര്യറയിൽ കാണാതായ ബാലികയെ കൊലപ്പെടുത്തി; മാതാവും രണ്ടാനച്ഛനും പിടിയിൽ
text_fieldsകലാസൂര്യ, കണ്ണൻ
പുനലൂർ: കാര്യറയിൽ നിന്നും ഒരുമാസം മുമ്പ് കാണാതായ രണ്ടു വയസുകാരിയെ രണ്ടാനച്ഛൻ തമിഴ്നാട്ടിൽ കൊലപ്പെടുത്തി. കുട്ടിയുടെ അമ്മയേയും ഭർത്താവിനേയും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കാര്യറ സ്വദേശിനിയായ കലാസൂര്യയുടെ മകൾ അനശ്വരയാണ് കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കലാസൂര്യയേയും ഭർത്താവ് തെങ്കാശി പുളിയറ ഭഗവതിപുരം സ്വദേശി കണ്ണനുമാണ് പിടിയിലായത്. പുനലൂർ പൊലീസാണ് കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത്.
ഒരു മാസം മുമ്പാണ് അനശ്വരയെ കൊലപ്പെടുത്തിയത്. അനശ്വരയെ ഒരു മാസമായി കാണാനില്ലെന്ന് പറഞ്ഞ് കലാസൂര്യയുടെ മാതാവ് സന്ധ്യ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തിന് പുനലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവം സംബന്ധിച്ച് പുനലൂർ പൊലിസ് പറയുന്നത്: കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പുനലൂരിലുള്ള അകന്ന ഒരു ബന്ധുവിനോടൊപ്പം താമസിച്ചിരുന്ന കലാസൂര്യയെ സ്റ്റേഷനിൽ എത്തിച്ച് മൊഴിയെടുത്തു. ഒരു മാസം മുമ്പ് രാത്രിയിൽ കണ്ണൻ മധുര ചെക്കാനൂരിലെ കോഴി ഫാമിൽ വെച്ച് മദ്യലഹരിയിൽ അനശ്വരയെ കൊലപ്പെടുത്തിയതായി കലാസൂര്യ പറഞ്ഞു. തന്റെ കുട്ടി അല്ലാത്തതിനാൽ കണ്ണനും ഇയാളുടെ മാതാവ് രാസാത്തിയും അനശ്വരയെയും കലാസൂര്യയേയും നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടായിരുന്നുവത്രെ. തുടർന്ന് പുനലൂർ പൊലീസ് കലാസൂര്യയയുമായി മധുര ജില്ലയിലെ ചെക്കാനുരണി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം നടത്തി. ചെക്കാനുരണി പൊലീസ് അന്വേഷണത്തിലാണ് അനശ്വരയെ കൊലപ്പെടുത്തിയതും മറവ് ചെയ്തതതും കണ്ടെത്തിയത്. കലാസൂര്യ കുട്ടിയുടെ മൃതദേഹം മറവ് സഹായിച്ചതായി മനസിലാക്കിയതോടെ ഇരുവരേയും ചെക്കാനുരുണി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി.
കലാസൂര്യ ആദ്യം പുനലൂർ കലയാനാട് സ്വദേശിയെയാണ് വിവാഹം കഴിച്ചത്. ആ ബന്ധത്തിൽ ഒരു ആൺകുട്ടിയുണ്ട്. പിന്നീട് ഭർത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് അഞ്ചൽ വടമണുള്ള മറ്റൊരാളുമായി ചങ്ങാത്തത്തിലായി. ഈ ബന്ധത്തിലുള്ളതാണ് അനശ്വര. അതിന് ശേഷമാണ് 18 വയസുള്ള കണ്ണനുമായി അടുപ്പത്തിലായത്. കൊല്ലം റൂറൽ എസ്.പി വിഷ്ണു പ്രദീപിന്റെ നിർദ്ദേശാനുസരണം പുനലൂർ എ.എസ്.പി അപർണ്ണയുടെ മേൽ നോട്ടത്തിൽ പുനലൂർ എസ്.എച്ച്.ഒ എസ്. വിജയശങ്കർ, എസ്.ഐമാരായ എം.എസ്. അനീഷ്, എൻ. രാജേഷ്, ശിശിര, എ.എസ്.ഐ ഷൈലജ, പ്രീത പാപ്പച്ചൻ, ജംഷീദ്, ശ്രീകുട്ടൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

