ചിറക്കരയിൽ എം.ഡി.എം.എ വേട്ട: മൊത്തക്കച്ചവടക്കാരൻ അറസ്റ്റിൽ
text_fieldsരാഹുൽ
ചാത്തന്നൂർ: ചിറക്കരയിൽ വൻ എം.ഡി.എം.എ വേട്ട. 52 ഗ്രാം എം.ഡി.എം.എയുമുമായി മൊത്തകച്ചവടക്കാരൻ അറസ്റ്റിലായി. ചിറക്കരത്താഴം രാഹുൽ നിവാസിൽ രാഹുൽ(32)നെയാണ് പാരിപ്പള്ളി പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. വീട്ടിൽ നിന്നും കൈലിയിൽ ചുരുട്ടികെട്ടിയ നിലയിൽ രാഹുൽ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എം.ഡി.എം.എയാണ്. രാത്രി 7.45ന് ചിറക്കര വാഴവിള ജങ്ഷനിൽ നിന്നും ചിറക്കര താഴം പോകുന്ന വഴിയിൽ സ്വന്തം വീടിന് സമീപം ഫോൺ വിളിച്ച കസ്റ്റമറെ കാത്തുനിൽക്കുന്നതിനിടയാണ് രാഹുലിനെ ഡാൻസാഫ് സംഘം സാഹസികമായി പിടികൂടിയത്.
ദീർഘനാളായി കഞ്ചാവും രാസലഹരിയും കച്ചവടം നടത്തി വന്ന രാഹുൽ ആദ്യമായാണ് പൊലിസ് പിടിയിലാവുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായ കച്ചവടക്കാരിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജില്ലയിലെ പ്രധാന രാസലഹരി വ്യാപാരിയായ രാഹുലിന്റെ കൈയിൽ നിന്നും പിടിച്ചെടുത്ത എം.ഡി.എം.എക്ക് വിപണിയിൽ രണ്ടര ലക്ഷത്തോളം രൂപ വിലവരും. കിളികൊല്ലൂർ, മയ്യനാട്, ചാത്തന്നൂർ, കണ്ണനല്ലൂർ, പാരിപ്പള്ളി, കണ്ണനല്ലൂർ മേഖലകളിലും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കാറിലും ബസിൽ യാത്രക്കാരനായും ഇരുചക്രവാഹനങ്ങളിലും സഞ്ചരിച്ചുമായിരുന്നു ലഹരി വിൽപന.
ബാംഗ്ലൂരിൽ നിന്നുള്ള ഇടനിലക്കാർ മുഖേനയാണ് ലഹരിമരുന്ന് കേരളത്തിൽ എത്തിച്ചിരുന്നത്. സിറ്റി ഡാന്‍സാഫ് എസ്.ഐമാരായ പി.സി.ശശിസേനന്‍, ജി.ഗോപകുമാര്‍, ബൈജു പി.ജെറോം, ഹരിലാല്‍, എ.എസ്.ഐമാരായ സുനില്‍കുമാര്‍, എസ്.സജു, കെ.സീനു, ജി.മനു, എസ്.സി.പി സി.അനൂപ്, സി.പി.ഒ ദിലീപ് റോയ്, പാരിപ്പളളി സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് രാഹുലിനെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

