ശരീരത്തിൽ ഒളിപ്പിച്ച് എം.ഡി.എം.എ; നഗരത്തിൽ രണ്ടാമത്തെ കേസ്
text_fieldsകൊല്ലം: ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ പാക്കറ്റുകൾ കണ്ടെടുക്കുന്നത് കൊല്ലം നഗരത്തിൽ ഈ വർഷം ഇത് രണ്ടാം തവണ. ആദ്യം പനയം സ്വദേശിയായ അനില രവീന്ദ്രനും ഇപ്പോൾ തട്ടാമല സ്വദേശി അജിംഷായുമാണ് ഈ രീതിയിൽ മാരക ലഹരിമരുന്ന് കടത്തുന്നതിനിടയിൽ പിടിയിലായത്. നാലുമാസം മുമ്പ് കൊല്ലം സിറ്റിയിലെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ അനില രവീന്ദ്രന്റെ കൈവശത്തു നിന്നും 96 ഗ്രാം എം.ഡി.എം.എ പിടികൂടിയതിൽ 50 ഗ്രാം ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
ബംഗളൂരുവിൽ നിന്നും കാറിൽ വന്ന അനിലയുടെ കാറിൽ നിന്നും 46 ഗ്രാം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിൽ 46 ഗ്രാം അല്ലാതെ വേറെ ലഹരി ഇല്ല എന്ന നിലപാടിലായിരുന്നു അനില. എന്നാൽ, 46 ഗ്രാം എം.ഡി.എം.എ മാത്രമായി ബംഗളൂരുവിൽ നിന്നും കൊല്ലം വരെ വരില്ല എന്ന പൊലീസിന്റെ സംശയമാണ് മെഡിക്കൽ പരിശോധനയിലേക്ക് നയിച്ചതും എം.ഡി.എം.എ കണ്ടെടുത്താൻ സഹായിച്ചതും.
ബുധനാഴ്ച കൊല്ലം നഗരത്തിൽ അറസ്റ്റിലായ അജിം ഷാ എം.ഡി.എം.എ മലദ്വാരത്തിൽ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു. അനില 50 ഗ്രാം ആണ് ഒളിപ്പിച്ചുവച്ചതെങ്കിൽ അജിംഷാ രണ്ട് പായ്ക്കറ്റുകളിലായി 107 ഗ്രാം എം.ഡി.എം.എം ആണ് ഗർഭനിരോധന ഉറക്കുള്ളിലാക്കി കടത്തിക്കൊണ്ടുവന്നത്. ഈ വർഷം കൊല്ലം ഡാൻസാഫ് സബ് ഡിവിഷന്റെ കീഴിൽ മാത്രം പിടിക്കപ്പെടുന്ന വാണിജ്യപരമായ അളവിൽ ഉള്ള എട്ടാമത്തെ കേസ് ആണ് ഇത്.
എ.സി.പി എസ്. ഷരീഫ് നേതൃത്വം നൽകിയ പൊലീസ് സംഘത്തിൽ കൊല്ലം ഈസ്റ്റ് സി.ഐ അനിൽകുമാർ, ഡാൻസാഫ് എസ്.ഐ കണ്ണൻ, കൊല്ലം ഈസ്റ്റ് എസ്.ഐ വിപിൻ, എസ്.ഐ സവിരാജൻ, കൊല്ലം സബ് ഡിവിഷൻ ഡാൻസാഫ് അംഗങ്ങളായ സുനിൽ, ഹരി, അനു, സാജു , സീനു എന്നിവരും അജിംഷായെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു. വിദേശത്തുനിന്നും സ്വർണ്ണം കടത്തുന്നതിന് പലരും തെരഞ്ഞെടുക്കുന്ന അതേ മാതൃകയാണ് ഇപ്പോൾ ലഹരിക്കടത്തിനും പ്രതികൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
മറ്റേത് രീതിയിൽ കടത്തിയാലും പിടിക്കപ്പെടും എന്നുള്ള അവസ്ഥ വന്നപ്പോഴാണ് അത്യന്തം അപകടകരമായ രീതിയിലുള്ള ഈ മാർഗം ഉപയോഗിച്ചുവരുന്നതെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ലഹരി വിൽപനയിലൂടെ ലഭിക്കുന്ന അമിത ലാഭവും മറ്റൊരു കാരണമാണ്. ലഹരി സംഘങ്ങളെ പിടികൂടാൻ പൊതുജന സഹകരണം അനിവാര്യമാണെന്നും വിവരങ്ങൾ കേരള പൊലീസിന്റെ യോദ്ധാവ് നമ്പർ ആയ 9995966666 ൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

