Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎം.സി റോഡ് വീണ്ടും...

എം.സി റോഡ് വീണ്ടും ചോരക്കളമാകുന്നു

text_fields
bookmark_border
എം.സി റോഡ് വീണ്ടും ചോരക്കളമാകുന്നു
cancel
camera_alt

എം.സി റോഡ് നിലമേൽ പുതുശേരിയിൽ രണ്ടുപേർ മരിച്ച അപകടമുണ്ടായ സ്ഥലം

ചടയമംഗലം: അപകടപരമ്പരയുടെ കേന്ദ്രമായ എം.സി റോഡ് വീണ്ടും ചോരക്കളമാകുന്നു. സംസ്ഥാനത്തെ പ്രധാന പാതകളിലൊന്നായ എം.സി റോഡിൽ നൂറുകണക്കിന് ജീവനുകൾ പൊലിഞ്ഞിട്ടും പരിഹാരംമാത്രം ഇനിയും അകലെയാണ്. തട്ടത്തുമല മുതൽ-എനാത്ത് വരെ നിരവധി അപകടങ്ങളാണ് നിരന്തരം നടക്കുന്നത്. ഈ ജനുവരി മുതൽ ഇതുവരെ മാത്രം നടന്ന അപകടങ്ങളിൽ നിരവധി ആളുകളുടെ ജീവൻ പൊലിയുകയും നിരവധിപേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലുമാണ്. കഴിഞ്ഞ ദിവസം നിലമേൽ പുതുശ്ശേരിയിൽ സ്കൂട്ടറിൽ കാറിടിച്ച് അമ്മയും മകളും ദാരുണമായി മരിച്ച സംഭവമാണ് ഏറ്റവും പുതിയത്.

നിരന്തരം ഈ പാതയിലുണ്ടാകുന്ന അപകട മരണങ്ങൾ ആശങ്കയുയർത്തുമ്പോഴും ശാശ്വതപരിഹാരമൊന്നും ഉണ്ടാകുന്നില്ല. അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും റോഡുകളിൽ മുന്നറിയിപ്പ് നൽകുന്ന അപകട സൂചന ബോർഡുകൾ ഇല്ലാത്തതുമാണ് അപകടങ്ങൾക്ക് പ്രധാന കാരണങ്ങൾ. തട്ടത്തുമല മുതൽ എനാത്ത് വരെ ചെറുതും വലുതുമായ 60ൽ പരം വളവുകളാണ് എം.സി റോഡിലുള്ളത്. കെ.എസ്.ടി.പി നിലവാരത്തിൽ റോഡ് വികസിപ്പിച്ചതോടെ വാഹനങ്ങളുടെ അമിത വേഗം അപകടങ്ങൾക്ക് പ്രധാനകാരണമാകുന്നുണ്ട്. റോഡിന്റെ വളവുകൾ നേരെയാക്കാതെ നടത്തിയ അശാസ്ത്രീയ റോഡ് നിർമാണവും സിഗ്നലുകളുടെ കുറവും പ്രധാന കവലകളിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും ബ്ലിങ്കർ ലൈറ്റുകളും ഇല്ലാത്തതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. വേണ്ടത്ര രീതിയിൽ വഴി വിളക്കുകൾ പ്രകാശിക്കാത്തതും രാത്രികാലങ്ങളിലെ യാത്രകളിൽ അപകടങ്ങൾ ഒളിപ്പിച്ചുവെക്കുന്നുണ്ട്. ചില ഭാഗങ്ങളിൽ അറ്റകുറ്റപ്പണികളിലെ കാലതാമസം മൂലം രൂപപ്പെടുന്ന വലിയ കുഴികളിൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപെടുന്നതും ദിവസേന പതിവാണ്.

നിലവിലെ സാഹചര്യത്തിൽ വേണ്ടത്ര നടപടികൾ വേണമെന്ന് പഞ്ചായത്ത് അധികൃതർക്ക് മുന്നിലും മോട്ടോർ വാഹന വകുപ്പുകൾക്ക് മുന്നിലും ജനങ്ങൾ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപവുമുയരുന്നു. അപകടപ്രദേശങ്ങൾ തിരിച്ചറിഞ്ഞ് ശാസ്ത്രീയമായ പരിഹാര മാർഗങ്ങൾ നടപ്പാക്കണമെന്നും സ്പീഡ് കാമറകളുടെ എണ്ണം വർധിപ്പിക്കണമെന്നുമാണ് നാട്ടുകാർ പ്രധാനമായി ആവശ്യപ്പെടുന്നത്. ആയൂർ മുതൽ തട്ടത്തുമല വരെയുള്ള എം.സി റോഡിലെ പ്രധാന ഭാഗങ്ങളിൽ അപകടങ്ങൾ പെരുകിയതിനെ തുടർന്ന് മുൻ മന്ത്രി ജെ. ചിഞ്ചു റാണിയുടെയും ചടയമംഗലം പൊലീസിന്റെ നേതൃത്വത്തിൽ പഠനം നടത്താൻ കമ്മറ്റികൾ രൂപവത്കരിച്ചു പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ, ആ കമ്മിറ്റികളും പേരിൽ മാത്രം ഒതുങ്ങിയതായി ആക്ഷേപമുണ്ട്. ജീവൻ അപഹരിക്കുന്ന അപകടങ്ങൾക്ക് അവസാനം കാണാൻ വേണ്ടത്ര നടപടികൾ എടുക്കാത്ത അധികൃതരുടെ മൗനം കാരണം ഇനിയും നിരവധി ജീവനുകൾ എം.സി റോഡിൽ പൊലിയുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KollamMC roadlocalnews
News Summary - MC Road turns into a bloodbath once again
Next Story