മയ്യനാട് റെയിൽവേ മേൽപാലം: നഷ്ടപരിഹാരം മൂന്നു മാസത്തിനകം
text_fieldsമയ്യനാട് റെയിൽവേ ഗേറ്റ്
കൊട്ടിയം: മയ്യനാട് റെയിൽവേ ഓവർ ബ്രിഡ്ജ് നിർമാണത്തിനായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച അന്തിമ വിജ്ഞാപനമായി. 2009ലെ പൊതു ആവശ്യങ്ങൾക്കായുള്ള ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 19(1) പ്രകാരമുള്ള വിജ്ഞാപനമാണ് ലാൻഡ് അക്വിസിഷൻ കമീഷണർ പുറപ്പെടുവിച്ചത്. ഏറ്റെടുക്കുന്ന ഭൂമിക്കും പൊളിച്ചുനീക്കുന്ന കെട്ടിടങ്ങള്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കുമുള്ള നഷ്ടപരിഹാര വിതരണം മൂന്ന് മാസത്തിനകം ആരംഭിക്കും. ഇതിനായി 16 കോടി രൂപ നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ ജില്ല സ്ഥലമേറ്റെടുക്കൽ വിഭാഗത്തിന് കൈമാറി.
കെട്ടിടങ്ങൾക്കും ഭൂമിക്കുമുള്ള നഷ്ടപരിഹാരമായി 16.27 കോടി രൂപയും പുനരധിവാസത്തിനായി 29.26 ലക്ഷവുമാണ് കണക്കാക്കിയിരിക്കുന്നത്. കൂടുതലായി ആവശ്യമുള്ള തുക രണ്ടാംഘട്ടമായി കൈമാറും. ഓവർ ബ്രിഡ്ജ് നിർമാണത്തിനായി ഓരോ ഭൂവുടമയിൽനിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ കൃത്യമായ അളവടങ്ങിയ വിജ്ഞാപനം അടുത്തിടെ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രേഖകളുടെ പരിശോധന ഉടൻ ആരംഭിക്കും.
ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കും. തൊട്ട് പിന്നാലെ ഭൂവുടമകളുടെ അക്കൗണ്ടിലേക്ക് നഷ്ടപരിഹാരം എത്തും. സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായാലുടൻ ഓവർ ബ്രിഡ്ജ് നിർമാണത്തിനുള്ള ടെൻഡർ ക്ഷണിക്കും. ഓവർ ബ്രിഡ്ജിന്റെ അലൈൻമെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭൂമി നഷ്ടമാകുന്ന ചിലർ ഹൈകോടതിയിൽ കൊടുത്ത കേസ് തള്ളിയതോടെയാണ് മയ്യനാട് ഓവർ ബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലായത്.
206.62 സെന്റ് സ്ഥലമാണ് ഓവർ ബ്രിഡ്ജ് നിർമാണത്തിനായി ഏറ്റെടുക്കുന്നത്. ഈ ഭൂമിയിലെ രണ്ടുവീടുകളും 22 കച്ചവട സ്ഥാപനങ്ങളുടെ കെട്ടിടങ്ങളും പൂർണമായും നഷ്ടപ്പെടും. ഏഴു വീടുകൾ ഭാഗികമായി പൊളിക്കേണ്ടിവരും. ഏപ്രിൽ പകുതിയോടെ ഓവർ ബ്രിഡ്ജ് നിർമാണത്തിനുള്ള ടെൻഡർ ക്ഷണിക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എം. നൗഷാദ് എം.എൽ.എയുടെ ശിപാർശ പ്രകാരം 2017-2018ലെ ബജറ്റിലാണ് മയ്യനാട് ഓവർ ബ്രിഡ്ജ് നിർമിക്കാൻ 50 കോടി വകയിരുത്തിയത്. കിഫ്‌ബിയിൽനിന്നാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. പൂർണമായും സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് ഓവർ ബ്രിഡ്ജ് നിർമിക്കുന്നത്. നിലവിലെ കണക്ക് പ്രകാരം നിർമാണത്തിന് 25 കോടിയെങ്കിലും വേണ്ടിവരും. ഇത് അടിസ്ഥാനമാക്കി എസ്റ്റിമേറ്റ് പുതുക്കും.
നേരത്തേ എട്ടു കോടിയാണ് സ്ഥലം ഏറ്റെടുക്കലിനായി കണക്കാക്കിയത്. ഇപ്പോൾ തയാറായ പാക്കേജ് പ്രകാരം നഷ്ടപരിഹാര വിതരണത്തിന് 16.6 കോടിയാണ് വേണ്ടത്. 386.26 മീറ്ററാണ് മേൽപാലത്തിന്റെ നീളം. 10.2 മീറ്ററാണ് പാലത്തിന്റെ വീതി. കൂട്ടിക്കട ഭാഗത്തുനിന്നുള്ള അപ്രോച്ച് റോഡിന്റെ നീളം 220.08 മീറ്ററും കൊട്ടിയം ഭാഗത്ത് അപ്രോച്ച് റോഡിന്റെ നീളം 386.26 മീറ്ററുമാണ്. ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

