ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട
text_fieldsകൊല്ലം: ലഹരിക്കെതിരെയുള്ള നടപടികളും ബോധവത്കരണവും വ്യാപകമാക്കിയിട്ടും ജില്ലയിലേക്ക് മാരക രാസലഹരി ഉൾപ്പെടെ ഒഴുകുന്നത് തുടരുന്നു. എക്സൈസ് ഞായറാഴ്ച നടത്തിയ റെയ്ഡിൽ ഈ അടുത്തകാലത്ത് ജില്ല കണ്ട ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണ് നടന്നത്. അഞ്ചാലുംമൂട്ടിൽ 14.172 ഗ്രാം മെത്താംമെറ്റാഫിനുമായി രണ്ട് പേരും പിടിയിലായി.
കരുനാഗപ്പള്ളിയിൽ സ്വന്തം വീട്ടിനുള്ളിൽ സൂക്ഷിച്ച 227 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ കുറ്റവാളിയാകട്ടെ, ആറ് മാസങ്ങൾക്ക് മുമ്പ് എം.ഡി.എം.എ കേസിൽ കോടതി വെറുതെവിട്ടയാളും. തൊടിയൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 227 ഗ്രാം എം.ഡി.എം.എയുമായി തൊടിയൂർ പുലിയൂർ വഞ്ചി കിഴക്ക് മഠത്തിൽ വടക്കത്തിൽ വീട്ടിൽ അനന്തു(27) ആണ് പിടിയിലായത്. വിപണിയിൽ 15 ലക്ഷത്തോളം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ജില്ലയിൽ സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള മയക്കുമരുന്ന് വേട്ടയാണിതെന്ന് എക്സൈസ് വ്യക്തമാക്കുന്നു.
50 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ കേസിൽ രണ്ട് വർഷത്തോളം വിചാരണയുടെ ഭാഗമായി ജയിലിൽ കിടന്ന ഇയാളെ ആറ് മാസം മുമ്പാണ് കോടതി വെറുതെവിട്ടതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ജില്ലയിലെ എം.ഡി.എം.എ വിതരണ ശൃംഖലയിലെ പ്രധാനിയാണ് ഇയാൾ. വൻതോതിൽ ബംഗളൂരുവിൽ നിന്നും എം.ഡി.എം.എ ഇറക്കുമതി ചെയ്ത് ജില്ലയിൽ വിൽപ്പന നടത്തുന്ന മൊത്തവിതരണക്കാരനാണ്.
മലയാളിയായ ഇടനിലക്കാരനാണ് ഇയാൾക്ക് ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിക്കുന്നത്. നൈജീരിയക്കാരനിൽ നിന്നാണ് മലയാളി ഇടനിലക്കാരന് എം.ഡി.എം.എ ലഭിക്കുന്നതെന്നും വ്യക്തമായതായി എക്സൈസ് അറിയിച്ചു. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ശ്രീകുമാർ, ഐ.ബി പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, അനീഷ്, ജൂലിയൻ ക്രൂസ്, ബാലു സുന്ദർ, സൂരജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

