കുംഭാവുരുട്ടിയിൽ സഞ്ചാരികൾ ഏറെ; അടിസ്ഥാന സൗകര്യം അകലെ
text_fieldsകുംഭാവുരുട്ടി വെള്ളച്ചാട്ടം (ഫയൽ ഫോട്ടോ)
പുനലൂർ: കിഴക്കൻ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അച്ചൻകോവിൽ കുംഭാവുരുട്ടി ജലപാതത്തിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്. എന്നാൽ, അടിസ്ഥാന സൗകര്യത്തിന്‍റെ കുറവ് ആളുകളെ നിരാശയിലാക്കുന്നു.
അഞ്ചുവർഷത്തിന് ശേഷം 25 ലക്ഷം രൂപ മുടക്കി നവീകരിച്ച് കഴിഞ്ഞയാഴ്ചയാണ് കുംഭാവുരുട്ടി ഇക്കോ സെന്‍റർ സഞ്ചാരികൾക്കായി തുറന്നത്. ഞായറാഴ്ച മുതിർന്നവരും കുട്ടികളുമായി 4200ഓളം സഞ്ചാരികൾ ഇവിടെത്തി. ഇവരിൽനിന്നായി ടിക്കറ്റ് നിരക്ക് ഇനത്തിൽ 2,81,000 രൂപ വനംവകുപ്പിന് വരുമാനമുണ്ടായി. യാത്രക്കാരിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽനിന്നുള്ള സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘങ്ങളാണ്. ഇവർക്ക് നീരാടാൻ തൊട്ടടുത്ത് കുറ്റാലമുണ്ടെങ്കിലും കാനന നടുവിലെ കുംഭാവുരുട്ടി ജലപാതത്തിൽ ലഭിക്കുന്ന പ്രകൃദിദത്തമായ അനുഭൂതി ആസ്വാദിക്കാനാണ് ഇവിടേക്ക് ആളുകൾ എത്തുന്നത്. എന്നാൽ, എല്ലാവർക്കും തൃപ്തികരമായ നിലയിൽ വെള്ളച്ചാട്ടവും ചുറ്റുവട്ടത്തെ വനസൗന്ദര്യവും ആസ്വദിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ഒരുക്കാത്തത് പ്രധാന കുറവായി അവശേഷിക്കുന്നു.
വാഹനപാർക്കിങ്ങിനും സ്ത്രീകളുടെ സുരക്ഷക്കും സംവിധാനമില്ല. നൂറുകണക്കിന് വാഹനങ്ങൾ ഈ ഭാഗത്ത് നിറയുന്നതോടെ അച്ചൻകോവിൽ- ചെങ്കോട്ട പാതയിലെ ഗതാഗതം പലപ്പോഴും തടസ്സപ്പെടുന്നു. വാഹനങ്ങൾ പാതയോരംവിട്ട് സൗകര്യമായ പാർക്ക് ചെയ്യാൻ സംവിധാനമില്ല. ഇതുകാരണം സഞ്ചാരികൾക്ക് വരാനും പോകാനും ബുദ്ധിമുട്ട് നേരിടുന്നു. പ്രധാന റോഡിൽനിന്ന് വെള്ളച്ചാട്ടത്തിലേക്ക് നടന്നുപോകുന്ന വഴി അപകടാസ്ഥയിലാണ്. ചളിമൂടിയ പാതയിൽ മുകളിൽനിന്ന് ഒഴുകിയെത്തുന്ന മലിനജലം താണ്ടിവേണം ഇവിടെത്താൻ.
വഴിയിലെങ്ങും ആവശ്യത്തിന് ഗൈഡുകളുമില്ല. വെള്ളച്ചാട്ടത്തിന് സമീപം സ്ത്രീകൾക്ക് വസ്ത്രം മാറാനോ മഴ പെയ്താൽ കയറിനിൽക്കാനോ സാധനങ്ങൾ സൂക്ഷിക്കാനോ സംവിധാനമില്ല. ഇവിടെയും ആവശ്യത്തിന് വനിത ഗൈഡുകളെ നിയമിച്ചിട്ടില്ല. വനത്തിലൂടെയുള്ള ലൈനായതിനാൽ മിക്കപ്പോഴും വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ്. ഇതിന് പരിഹാരമായി സൗരോർജ സംവിധാനം ഒരുക്കാൻ അധികൃതർ തയാറായിട്ടില്ല. മൊബൈൽ കവറേജ് ലഭിക്കാത്തതിനാൽ കോട്ടവാസലിനും അച്ചൻകോവിലിനും ഇടയിൽ 15 കിലോമീറ്ററോളം ദൂരം യാത്രക്കാർക്ക് പുറലോകവുമായി ബന്ധപ്പെടാൻ പറ്റാത്ത സാഹചര്യമാണ്. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ നിർദേശത്തെതുടർന്ന് മൊബൈൽ കവറേജ് ലഭ്യമാക്കാൻ അടുത്തിടെ ബി.എസ്.എൻ.എൽ അധികൃതർ ഇവിടെ സന്ദർശിച്ചെങ്കിലും മറ്റ് നടപടികൾ ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

