മണ്ണയം കുടിവെള്ള പദ്ധതി 15നകം പൂർത്തിയാകും
text_fieldsകല്ലുവാതുക്കൽ മണ്ണയം കുടിവെള്ള പദ്ധതിയുടെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും അനുബന്ധ
പമ്പ് ഹൗസുകളുടെയും നിർമാണം ജി.എസ്. ജയലാൽ എം.എൽ.എയുടെ നേതൃത്വത്തിൽ
ഉദ്യോഗസ്ഥർ വിലയിരുത്തുന്നു
ചാത്തന്നൂർ: ‘ദാഹനീർ ചാത്തന്നൂർ’ പദ്ധതിയിലുൾപ്പെടുത്തി കിഫ്ബി ധനസഹായത്തോടെ ആരംഭിച്ച കല്ലുവാതുക്കൽ മണ്ണയം കുടിവെള്ള പദ്ധതി മേയ് 15നകം പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് ജി.എസ്. ജയലാൽ എം.എൽ.എ അറിയിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ള കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല. ഇതോടെയാണ് ചാത്തന്നൂർ മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി എം.എൽ.എയുടെ നേതൃത്വത്തിൽ രൂപം നൽകിയ ദാഹനീർ ചാത്തന്നൂർ പദ്ധതിയിൽ ഉൾക്കൊള്ളിച്ചത്.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് കിഫ്ബിയിൽ ഉൾപ്പെടുത്തി പദ്ധതിക്ക് 27 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ ഭൂമി കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിന്റെ അന്നത്തെ ഭരണ സമിതി വാങ്ങി നൽകി. കിണർ, പമ്പ് ഹൗസ്, അനുബന്ധമായി ലീഡിങ് പൈപ്പുകൾ ഇടൽ, 110 കുതിരശക്തി പമ്പ് സെറ്റ് സ്ഥാപിക്കൽ ,400 കെ.വി.എ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, ഇലക്ട്രിക്കൽ ജോലികൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, 9 ലക്ഷം ലിറ്റർ ശേഷിയുള്ളതും 11.3 ലക്ഷം ലിറ്റർ ശേഷിയുള്ളതുമായ രണ്ട് ജലസംഭരണികൾ, മണ്ണയത്തെ പുതിയ തടയണയുടെ നിർമാണം തുടങ്ങീ പദ്ധതിയുടെ വിവിധ പാക്കേജുകളിലുൾപ്പെട്ട പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. ജലവിതരണ ശൃംഖലകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു.
പദ്ധതിയുടെ കമീഷനിങ് ട്രയൽ റൺ ഉടൻ ആരംഭിക്കും. പദ്ധതി കമീഷൻ ചെയ്താൽ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ നിലവിലുള്ള ജലവിതരണ സംവിധാനങ്ങളിലെല്ലാം കുടിവെള്ളം ലഭ്യമാകും. ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതി പ്രകാരം വീടുകളിലേക്ക് ജലവിതരണ ശൃംഖലകൾ സ്ഥാപിക്കുന്നതിന് 58 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പ്രവൃത്തികൾ കൂടി പൂർത്തീകരിച്ച് എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ ലഭിക്കുന്നതോടെ കല്ലുവാതുക്കൽ, പാരിപ്പള്ളി പ്രദേശങ്ങളിലെ ജലക്ഷാമത്തിന് പരിഹാരം കാണാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

