ജോലി വാഗ്ദാനം ചെയ്ത് ഏലയ്ക്കായും കുരുമുളകും തട്ടിയെടുത്തയാൾ പിടിയിൽ
text_fieldsകൊല്ലം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് പാരിപ്പള്ളി മെഡിക്കൽ കോളജിൽ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചയാൾ പൊലീസ് പിടിയിലായി. വർക്കല കുരയ്ക്കണ്ണി ഇറയിൽ പുരയിടത്തിൽ സഹീർകുട്ടി (50) ആണ് പിടിയിലായത്.
തൃപ്പൂണിത്തുറ സ്വദേശിയായ പുരുഷോത്തമൻ എന്നയാളിനെയാണ് പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് ഇയാൾ ജോലി വാഗ്ദാനം ചെയ്തത്. പുരുഷോത്തമന് ജോലി നൽകാമെന്ന് ഫോണിലൂടെ വിശ്വസിപ്പിച്ച പ്രതി പാരിപ്പള്ളിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. മേൽത്തരം ഏലയ്ക്കായും കുരുമുളകും വാങ്ങിവരാനും പണം പാരിപ്പള്ളിയിൽെവച്ച് നൽകാമെന്നും വിശ്വസിപ്പിച്ചു. പരവൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പുരുഷോത്തമനോട് സമീപത്തെ പഴവർഗങ്ങൾ വിൽക്കുന്ന കടയിൽ പൊതി ഏൽപിച്ച് ഒാട്ടോയിൽ പാരിപ്പള്ളിക്ക് വരാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ആശുപത്രി ജീവനക്കാരോട് അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്.
തിരികെ പഴക്കടയിൽ എത്തിയപ്പോൾ അവിടെ ഏൽപിച്ചിരുന്ന സാധനങ്ങൾ ഡോക്ടർ എന്ന് പരിചയപ്പെടുത്തിയ ആൾ വാങ്ങിക്കൊണ്ട് പോയതായി അറിയാൻ കഴിഞ്ഞു. പരവൂർ പൊലീസിൽ പരാതി ലഭിച്ച് മണിക്കൂറുകൾക്കകം പ്രതിയെ വർക്കലനിന്ന് പിടികൂടി. സമാനസ്വഭാവമുള്ള കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിന് ഇയാൾക്കെതിരെ വർക്കല സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. പരവൂർ ഇൻസ്പെക്ടർ എ. നിസാർ, എസ്.ഐമാരായ നിഥിൻ നളൻ, ഷൂജ, എ.എസ്.ഐ പ്രമോദ്, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

