മേയർക്കെതിരെ വധ ഭീഷണി മുഴക്കിയ ആൾ അറസ്റ്റിലായി
text_fieldsഅനിൽ കുമാർ
കൊല്ലം: മേയർ ഹണിക്കെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ ഒരാൾ പൊലീസ് പിടിയിലായി. തിരുവനന്തപുരം ആൾ സെയിന്റ്സ് കോളജിന് സമീപം പുതുവൻവിള പുത്തൻ വീട്ടിൽ ടി.സി 18/1353/2ൽ അനിൽ കുമാർ (52) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ 7.15നാണ് ഇയാൾ കത്തിയുമായി മേയറുടെ വീടുള്ള വൈദ്യശാല ജങ്ഷനിൽ എത്തിയത്.
രാവിലെ അതുവഴി നടന്നുവന്ന മത്സ്യത്തൊഴിലാളിയായ സ്ത്രീയാണ് മേയറുടെ വീടിന് മുന്നിൽ നിന്ന് അസഭ്യം പറയുന്ന ആളെ കണ്ടത്. ഇവരാണ് വീട്ടിലെത്തി മേയറുടെ ഭർത്താവ് ബെഞ്ചമിനോട് വിവരം പറഞ്ഞത്. തുടർന്ന് വൈദ്യശാല ജങ്ഷനിലെത്തി അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. മേയർ സിറ്റി പൊലീസ് കമിഷണർ കിരൺ നാരായണനെ വിവരം അറിയിച്ചു. സംഭവം ഗൗരവത്തിലെടുത്ത പൊലീസ് മേയറുടെ വീടിന് സമീപത്ത് സംരക്ഷണം ഏർപ്പെടുത്തി. കൊല്ലം എ.സി.പി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ പള്ളിത്തോട്ടം ഇൻസ്പെക്ടർ ഷെഫീക്ക്, കൊല്ലം ഈസ്റ്റ് സബ് ഇൻസ്പെക്ടർ വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിൽ ഞായറാഴ്ച വൈകിട്ടോടെയാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. നിരവധി സി.സി.ടി.വി ദൃശ്യങ്ങളും പ്രാദേശിക സ്ഥലങ്ങളിലുള്ള വ്യത്യസ്ത അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റേയും അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മുമ്പ് കേസിൽ ഉൾപ്പെട്ടവരും സി.സി ടി.വി ദൃശ്യത്തിൽ ഉൾപ്പെട്ടവരുടെ ഫോട്ടോയുമായി താരതമ്യം ചെയ്തും മറ്റും അന്വേഷണം നടത്തി . പ്രതി തിരുവനന്തപുരം സ്വദേശിയാണെന്നും ഇയാൾ കൊല്ലത്ത് ഒരു സ്വകാര്യ ലോഡ്ജിൽ ഇടക്കിടക്ക് വന്ന് താമസിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചു.
അന്വേഷണ ഉദ്യോഗസ്ഥർ രാത്രി തിരുവനന്തപുരത്ത് എത്തിയെങ്കിലും പ്രതി സ്ഥിരമായി എങ്ങും തങ്ങാത്തത് പൊലീസിന് തലവേദനയായി. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ പ്രതി കൊല്ലത്ത് ലോഡ്ജിൽ എത്തിയ സമയം പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തതിൽ പ്രതി വിവിധ ജില്ലകളിലായി നിരവധി വിസ തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്നും ജാമ്യത്തിൽ ഇറങ്ങി വിചാരണക്ക് ഹാജരാകാതെ ഒളിവിൽ നിൽക്കുന്നയാളാണെന്ന് വ്യക്തമായി. പ്രതിക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ കൂടാതെ രാമങ്കിരി, വഞ്ചിയൂർ, ഫോർട്ട്, മംഗലപുരം, അടൂർ എന്നീ സ്റ്റേഷനുകളിൽ വിസ തട്ടിപ്പിന് കേസുണ്ട്. ആശ്രാമം കാവടിപുറത്ത് വളരെ നാളുകൾക്ക് മുമ്പ് വാടകക്ക് താമസിച്ചിരുന്നു.
വർക്കല, തിരുവനന്തപുരം, മയ്യനാട് എന്നീ സ്ഥലങ്ങളിൽ താമസിച്ചിരുന്നത് മൂലം വിവിധ വിലാസങ്ങളിലാണ് പ്രതിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകൾ എല്ലാം 2018 മുതൽ 2023 വരെയുള്ളതാണ്. പ്രതി മേയറുടെ വീടിന് സമീപത്ത് എത്തിയതിനെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

