തീർക്കാനുണ്ടേറെ; തുടങ്ങാനും
text_fieldsപ്രതീക്ഷകളുടെ പുതുവർഷം പിറന്നു. എവിടെയും ആഘോഷത്തിന്റെ പൂത്തിരിമേളം. ആഘോഷരാവ് പിന്നിട്ട് നാട് പുത്തൻവർഷത്തെ വരവേൽക്കുമ്പോൾ ജനപ്രതിനിധികളെല്ലാം തിരക്കിലാണ്. തങ്ങളുടെ മണ്ഡലങ്ങളിലെ ആവശ്യങ്ങൾക്കായി മാറ്റിെവച്ച മണിക്കൂറുകളിൽ വിവിധ വികസന ലക്ഷ്യങ്ങൾ പൂവണിയിക്കാനുള്ള തിരക്ക്. പുതിയ വർഷത്തിൽ യാഥാർഥ്യമാക്കാനുള്ള നിരവധി ലക്ഷ്യങ്ങൾ മുന്നിലുണ്ട്. ആരംഭിച്ചതും പകുതിയായതും ഉൾപ്പെടെ പൂർത്തിയാക്കണം, നാടിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കണം. അങ്ങനെ പലവിധ ലക്ഷ്യങ്ങളുമായി പുതുവർഷത്തെ വരവേൽക്കുന്ന എം.എൽ.എമാർക്ക് പറയാനുള്ളത് ഇെതാക്കെ...
കുണ്ടറയിൽ പലതുണ്ട് പാതിവഴി പിന്നിട്ടത്
കഴിഞ്ഞ അരനൂറ്റാണ്ടായി കുണ്ടറയുടെ ആവശ്യമാണ് റെയില്‍വേ മേല്പാലങ്ങള്. ജനപ്രതിനിധിയായി തെരഞ്ഞെടുത്ത സമയം മുതല്‍ അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 2024 ലെങ്കിലും സാങ്കേതിക കുരുക്കുകള്‍ ഒഴിവാക്കി സര്‍ക്കാര്‍ കുണ്ടറക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യത്തോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കും എന്നാണ് പ്രതീക്ഷ. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്. ഞാങ്കടവ് പദ്ധതിയുടെ പൂര്‍ത്തീകരണം ഉള്‍പ്പെടെ യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. താലൂക്ക് ആശുപത്രിയുടെ ബഹുനില മന്ദിരത്തിന്റെ നിർമാണം പൂര്‍ത്തീകരിക്കും. ഇതിന്റെ ഭാഗമായി ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്ന പ്രവര്‍ത്തനവും ലക്ഷ്യമിടുന്നു. സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ആരംഭിച്ച കണക്ട് കുണ്ടറയുടെ പ്രവര്‍ത്തനം കൂടുതല്‍ പേരിലേക്ക് എത്തും വിധം വിപുലപ്പെടുത്തും. ആദ്യവര്‍ഷം സി.യു.ടി ക്ലബുകൾ രൂപവത്കരിച്ച് കേന്ദ്രസര്‍വകലാശാല പരീക്ഷകള്‍ക്ക് തയാറെടുക്കാനുള്ള മികച്ച പരിശീലനം നല്കി. 80 ഓളം കുട്ടികൾക്ക് എന്‍ട്രസ് വിജയിക്കാന്‍ കഴിഞ്ഞു. കരിയര്‍ കണക്ട് എല്ലാ സ്കൂളുകളിലും കോളജുകളിലുമായി വിജയകരമായി നടന്നുവരുന്നു. ഇത് കൂടുതല്‍ വിപുലീകരിക്കും.
സ്വപ്നപദ്ധതികൾ പൂർത്തിയാകുന്ന വർഷം
കൊല്ലം മണ്ഡലത്തിനായി കണ്ട സ്വപ്നങ്ങൾ ഓരോന്നും യാഥാർഥ്യമാക്കുക എന്നതാണ് എം.എൽ.എ എന്ന നിലയിൽ എന്നും ലക്ഷ്യമിട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ കാലങ്ങളിൽ നാടിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ കഴിഞ്ഞു. ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം പോലെ അഭിമാന പദ്ധതികൾ പൂർത്തിയായ 2023 കടന്നുപോയി 2024 എത്തുമ്പോഴും നാടിന്റെ വികസനം പൂർണതോതിൽ നടപ്പാക്കുകയാണ് ലക്ഷ്യം. പുത്തൻ പദ്ധതികൾക്കപ്പുറം ആരംഭഘട്ടത്തിലും പൂർത്തീകരണത്തിനടുത്തും നിൽക്കുന്ന പദ്ധതികൾ ഫലപ്രാപ്തിയിൽ എത്തിക്കുന്നതിനാണ് മുൻഗണന.
ആശ്രാമം ലിങ്ക് റോഡ് മൂന്നാംഘട്ടം പൂർത്തിയായിട്ടും 150 കോടി കിഫ്ബി അനുവദിച്ച നാലാംഘട്ടം തുടങ്ങുന്നതിന് സാങ്കേതിക പ്രശ്നങ്ങൾ തടസ്സമായിരുന്നു. എല്ലാ തടസ്സങ്ങളും പരിഹരിച്ച് നാലാം ഘട്ടം തോപ്പിൽകടവിൽ വരെ പാലം നിർമാണം പൂർത്തിയാക്കി ഈ വർഷം ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നതാണ് പ്രധാനലക്ഷ്യം. കോടതി സമുച്ചയം നിർമാണത്തിനും ഈ വർഷം തന്നെ തുടക്കമാകും.
ഏറ്റവും വലിയ ആഗ്രഹം കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമാണം ആണ്. ഇതിനായി അഞ്ച് കോടി അനുവദിച്ചിരുന്നു. എന്നാൽ, 100 കോടിയുടെ ഷോപ്പിങ് കോംപ്ലക്സ് പദ്ധതിയുമായി ഗതാഗതവകുപ്പ് രംഗത്തെത്തിയതോടെ നവീകരണം നടന്നില്ല. പുതിയതായി ചുമതലയേറ്റ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് മുന്നിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.
അടിയന്തര നടപടി എന്ന നിലയിൽ കാന്റീൻ നിൽക്കുന്നിടത്ത് ബസ് സ്റ്റാൻഡ് നിർമിക്കുകയും ബാക്കി സ്ഥലത്ത് ഭാവിയിൽ ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പെടെ വികസനം നടത്താവുന്നതാണ് എന്നാണ് അഭിപ്രായം അറിയിച്ചത്. ഉടനടി എന്തുചെയ്യാൻ കഴിയുമെന്നതിലാണ് ആലോചന. ഈ വർഷം ബസ് സ്റ്റാൻഡ് നിർമാണം യാഥാർഥ്യമാക്കിയേ തീരൂ. ഇത്തരത്തിൽ വിവിധ സ്വപ്നപദ്ധതികൾ പൂർത്തിയാകുന്ന വർഷമാകും എന്ന പ്രതീക്ഷയോടെയാണ് 2024 നെ വരവേൽക്കുന്നത്.
വിവിധ പദ്ധതികൾ യാഥാർഥ്യമാകുന്ന വർഷം
എം.എൽ.എ ഫണ്ടിൽനിന്ന് ഒരു കോടി രൂപ വിനിയോഗിച്ച് കുലശേഖരപുരം പ്രാഥമികാരാഗ്യകേന്ദ്രത്തിനും 52 ലക്ഷം രൂപ വിനിയോഗിച്ച് ഓച്ചിറ പഞ്ചായത്ത് ആയുർവേദ ആശുപത്രിക്കും ശിലാസ്ഥാപനം നടത്തിയാണ് പുതുവർഷം തുടങ്ങുന്നത്.
ഓച്ചിറ ആയിരംതെങ്ങ് പണിക്കര്‍ കടവ് ലാലാ ജങ്ഷൻ റോഡിന്റെ നവീകരണ പദ്ധതികൾ ഈ ആഴ്ചതുടങ്ങും. കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 22.5 കോടി അനുവദിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി പാറ്റോലി തോടിന്റെ സംരക്ഷണത്തിനായി ഇരുകരകളും ഭിത്തി നിർമിക്കുന്നതിനായി നബാർഡിൽനിന്ന് അഞ്ചുകോടി അനുവദിച്ചു.
ഈ മാസം തന്നെ പണികൾ തുടങ്ങും. ആലപ്പാട് അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ വികസനത്തിനായി നബാർഡിൽ നിന്ന് 26 കോടി രൂപ അനുവദിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയായി. ഈ മാസം തന്നെ പണി ആരംഭിക്കും.
കാട്ടിൽകടവ്പാലത്തിന് ടെൻഡർ നടപടികൾ പൂർത്തിയാക്കിയെങ്കിലും ഒരു ടെൻഡർ മാത്രം ലഭിച്ചതിനാൽ സർക്കാറിന്റെ പ്രത്യേക ഉത്തരവിനായി കാത്തിരിക്കുകയാണ്.
കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കരുനാഗപ്പള്ളി ഫയർ സ്റ്റേഷൻ കെട്ടിടം, കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ കെട്ടിടം എന്നിവ ഉദ്ഘാടനത്തിനായി സജ്ജമായി.
വർഷങ്ങളായി പണി നടന്നുകൊണ്ടിരിക്കുന്ന മാളിയേക്കൽ റെയിൽ ഓവർ ബ്രിഡ്ജിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. മാർച്ചിൽ ഉദ്ഘാടനം പ്രതീക്ഷിക്കുന്നു. ചിറ്റുമൂല, ഇടക്കുളങ്ങര റെയിൽവേ ഓവർ ബ്രിഡ്ജ് നിർമാണത്തിനുള്ള നടപടികൾ നടന്നുവരുകയാണ്.
പ്രതീക്ഷകളുടെ വർഷം
ഇരവിപുരം മണ്ഡലത്തിൽ മയ്യനാട് െറയിൽവേ മേൽപാലത്തിനായുള്ള സ്ഥലമേറ്റെടുക്കൽ അന്തിമഘട്ടത്തിലാണ്. സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കി മേൽപാലനിർമാണം ആരംഭിക്കാനാണ് 2024 ൽ മുഖ്യപരിഗണന നൽകുന്നത്.
ഇരവിപുരം ആർ.ഒ.ബിയുടെ നിർമാണം പൂർത്തിയാക്കി പുതുവർഷത്തിൽ നാടിന് സമർപ്പിക്കാൻ കഴിയും. മണ്ഡലത്തിൽ ആറ് മേൽപാലങ്ങളുടെ നിർമാണത്തിനാണ് എൽ.ഡി.എഫ് സർക്കാർ ഫണ്ട് അനുവദിച്ചത്, 249 കോടി. കൂട്ടിക്കട, കുറ്റിച്ചിറ, പോളയത്തോട്, എസ്.എൻ കോളജ് ജങ്ഷൻ മേൽപാലങ്ങൾക്കായുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ചു. ഈ വർഷം അത് പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്.
ഇരവിപുരം തീരമേഖലയുടെ സംരക്ഷണത്തിനായി കിഫ്ബിയിൽനിന്ന് അനുവദിച്ച 35 കോടി രൂപ വിനിയോഗിച്ച് നിർമാണപ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. പുതിയ പുലിമുട്ടുകളുടെയും കടൽസംരക്ഷണഭിത്തിയുടെയും നിർമാണമാണ് നടക്കുന്നത്.
പാറയുടെ ലഭ്യതക്കുറവാണ് നിർമാണം മന്ദഗതിയിലാകാൻ കാരണം. പുതുവർഷത്തിൽ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചിന്നക്കട-മേവറം ദേശീയപാത വികസനം, െറയിൽവേ സ്റ്റേഷൻ ഡീസന്റ് ജങ്ഷൻ റോഡ് വികസനം എന്നിവക്ക് അനുവാദം ലഭിച്ചിട്ടുണ്ട്. പുതുവർഷത്തിൽ അതിന്റെ ഡി.പി.ആർ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പള്ളിമുക്ക് ജങ്ഷൻ വികസനത്തിന് 10 കോടി രൂപ അനുവദിച്ചു. ഡി.പി.ആർ തയാറാക്കൽ അന്തിമ ഘട്ടത്തിലാണ്.
2024ൽ നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. മയ്യനാട് വലിയവിള പാലം, മുണ്ടയ്ക്കൽ കച്ചിക്കടവ് പാലം, കൊണ്ടേത്ത് പാലം, ഇരവിപുരം പാലം എന്നിവയുടെ നിർമാണം ഈ വർഷം ആരംഭിക്കാനാണ് ശ്രമിക്കുന്നത്. ചുരുക്കത്തിൽ 2024 ഇരവിപുരം മണ്ഡലത്തെ സംബന്ധിച്ചിടത്തോളം പ്രതീക്ഷകളുടെ വർഷമാണ്.
ഒമ്പത് പദ്ധതികൾ യാഥാർഥ്യമാക്കുക ലക്ഷ്യം
ചാത്തന്നൂർ മണ്ഡലത്തിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കുകയാണ് 2024ൽ ലക്ഷ്യമിടുന്നത്. ഒമ്പത് പ്രധാന പദ്ധതികളുടെ പൂർത്തീകരണമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ജനപക്ഷം ചാത്തന്നൂർ, ദാഹനീർ ചാത്തന്നൂർ, കൃഷി പുനർജനി ചാത്തന്നൂർ, ആരോഗ്യ ചാത്തന്നൂർ, സുരക്ഷിത ചാത്തന്നൂർ, സമഗ്ര വിദ്യാഭ്യാസ പദ്ധതി, സമ്പൂർണ കുടിവെള്ള പദ്ധതി, പള്ളിക്കമണ്ണടി കുമ്മല്ലൂർ പാലങ്ങളുടെ നിർമാണം, ഒല്ലാൽ മേൽപാല നിർമാണം എന്നിവയാണ് 2024ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്.
പ്രധാന പദ്ധതികൾക്ക് തുടക്കമാകും
പുതിയ വർഷത്തിൽ പ്രധാനപ്പെട്ട രണ്ട് പദ്ധതികൾക്ക് തുടക്കം കുറിക്കാനാണ് ആഗ്രഹിക്കുന്നത്. ഏറ്റവും പ്രധാനം ശാസ്താംകോട്ടയിലെ റവന്യൂടവറിന്റെ നിർമാണമാണ്. 12 കോടി രൂപ ചെലവഴിച്ച് ശാസ്താംകോട്ട ടൗണിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള റവന്യൂടവറിന്റെ നിർമാണ ഉദ്ഘാടനം ജനുവരിയിൽ നടത്തും. ഇതിന് വേണ്ടി വാട്ടർ അതോറിട്ടിയുടെ കൈവശം ഉണ്ടായിരുന്ന ഭൂമി ഏറ്റെടുത്തു. ടെൻഡർ നടപടികളും പൂർത്തിയായി. റവന്യൂ ടവർ നിർമാണം പൂർത്തിയാകുന്നതോടെ വിവിധ മേഖലകളിൽ വാടകകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിൽ ആകും.
12.68 കോടി രൂപ ചെലവഴിച്ച് ശൂരനാവടക്ക് കൂരിക്കുഴിയിൽ നിന്ന് ആരംഭിച്ച് അമ്മച്ചി മുക്ക്-ശൂരനാട് രക്തസാക്ഷി മണ്ഡപം-കണ്ണമം-ഗിരിപുരം-ചാത്താംകുളം- പുളിമൂട്ടിൽ സമാപിക്കുന്ന റോഡ് നിർമാണമാണ് മറ്റൊന്ന്. ഇതിന്റെയും നിർമാണോദ്ഘാടനം ജനുവരിയിൽ നടത്തും. കുന്നത്തൂർ, നിലയ്ക്കൽ, മൈനാഗപ്പള്ളി കിഴക്കേക്കര ബഥേൽ സ്കൂൾ എന്നിവിടങ്ങളിൽ നിർമിക്കുന്ന കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനവും അഞ്ചുകോടി രൂപ ചെലവഴിച്ച് നിർമിച്ച വെട്ടിയതോട് പാലം ഉദ്ഘാടനവും ജനുവരിയിൽ നടത്തും. ശാസ്താംകോട്ട താലൂക്ക് ആശുപത്രി വികസനപദ്ധതികൾ പുതുവർഷത്തിൽ തുടക്കം കുറിക്കാൻ ലക്ഷ്യമിടുന്നു.
മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യം
ഭൂരഹിതർ ഇല്ലാത്ത പുനലൂർ പദ്ധതി സംസ്ഥാനതല പ്രോജക്ടായി നിയോജക മണ്ഡലത്തിൽ തുടക്കംകുറിച്ചു. കിഴക്കൻമേഖലയിലെ ജനങ്ങളുടെ മുഖ്യ ആശ്രയമായ പുനലൂർ താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി പ്രഖ്യാപിക്കും. പുനലൂർ ബൈപാസ് പണി തുടങ്ങുന്നതിനൊപ്പം അഞ്ചൽ ബൈപാസിന്റെ രണ്ടാംഘട്ടവും ആരംഭിക്കും. കുളത്തൂപ്പുഴ അമ്പലക്കടവിൽ പുതിയ പാലം നിർമിക്കുന്നതിന് തുക അധികരിപ്പിച്ച് ടെൻഡർ നടപടി സ്വീകരിക്കും. പുനലൂരിൽ ആധുനിക അറവുശാല സ്ഥാപിക്കും. പുനലൂർ ടൗൺ ലിങ്ക് റോഡ് നിർമാണവും സ്ഥലം ഏറ്റെടുക്കലും നടക്കും. ഇത്തിക്കരയാറ്റിലെ പറയൻമൂല ഭാഗത്ത് പുതിയ പാലം നിർമിക്കുന്നത് നടപടി ആരംഭിക്കും. വിദ്യാഭ്യാസ രംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയുള്ള എജുകെയർ പദ്ധതി നിയോജകമണ്ഡലത്തിൽ നടപ്പാക്കും. പട്ടികവർഗ വിഭാഗങ്ങളുടെ അടിസ്ഥാന രേഖകൾ ഡിജിറ്റലൈസ് ചെയ്യും. ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലമെന്ന ആശയവും പൂർത്തിയാക്കും. അടിസ്ഥാനപ്രശ്നങ്ങൾക്ക് ഉൗന്നൽനൽകി കാലോചിതമായ മാറ്റത്തിന് പുതുവർഷത്തിൽ കഴിയുമെന്ന് പ്രത്യാശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

