ലോക്സഭ തെരഞ്ഞെടുപ്പ് കൊല്ലം ജില്ല ഒരുങ്ങുന്നു; വോട്ടർമാർ 20,87,391
text_fieldsകൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, വോട്ടൊരുക്കത്തിന്റെ ആദ്യഘട്ടങ്ങൾ പൂർത്തിയാക്കി ജില്ല. കൂട്ടിച്ചേർക്കലുകൾക്കും വെട്ടിക്കുറക്കലുകൾക്കും ശേഷം ജില്ലയിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടിക പ്രകാരം 20,87,391 വോട്ടർമാരാണ് ജില്ലയിൽ ആകെയുള്ളത്. ഇത്തവണയും വനിതകൾക്കാണ് മുൻതൂക്കം. പുരുഷ വോട്ടർമാരെക്കാൾ ലക്ഷം വോട്ടുകൾ അധികവുമായി ബഹുദൂരം മുന്നിലാണ് വനിത സാന്നിധ്യം. 10,94,609 സ്ത്രീ വോട്ടര്‍മാരാണ് ജില്ലയുടെ അന്തിമ പട്ടികയിലുള്ളത്. പുരുഷ വോട്ടര്‍മാരാകട്ടെ, 9,92,763. ഭിന്നലിംഗക്കാരായ 19 പേരും പട്ടികയിൽ ഇടം പിടിച്ചു. ഇതില്‍ 16,979 പേര് 18-19 പ്രായ പരിധിയില്‍ ഉള്‍പ്പെടുന്നവരാണ്. 8157 ആൺകുട്ടികളും 8822 പെൺകുട്ടികളുമാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.
കഴിഞ്ഞവർഷം ഒക്ടോബർ 27ന് കരട് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ആ പട്ടിക പ്രകാരം ജില്ലയില്‍ 9,87,527 പുരുഷ വോട്ടര്‍മാരും 10,86,702 സ്ത്രീ വോട്ടര്‍മാരും 14 ഭിന്നലിംഗക്കാര്‍ ഉള്‍പ്പെടെ 20,74,243 വോട്ടര്‍മാരാണ് ഉൾപ്പെട്ടത്. പട്ടികയിൽ തുടർന്നും കൂട്ടിച്ചേർക്കലുകൾ നടത്തുകയും ഇരട്ടിപ്പ്, മരിച്ചവർ, സ്ഥലംമാറിപ്പോയവർ എന്നിങ്ങനെയുള്ളവരെ ഒഴിവാക്കിയുമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക പ്രകാരം ആകെ 20,72,976 വോട്ടര്‍മാരാണ് ജില്ലയിലുണ്ടായിരുന്നത്. 9,89,447 പുരുഷ വോട്ടര്‍മാരും 10,83,517 സ്ത്രീ വോട്ടര്‍മാരും 12 ഭിന്നലിംഗക്കാരുമാണ് അന്ന് പട്ടികയിൽ ഇടംപിടിച്ചത്.
ഈ പട്ടികയിൽ നിന്ന് ഇത്തവണത്തെ പട്ടികയിൽ അധികമായി വന്നത് 14415 വോട്ടർമാരാണ്. പഴയ പട്ടികയിൽ വലിയ തോതിൽ പുനഃപരിശോധനകൾ നടത്തിയതിന്റെ ഫലമായി ഒഴിവാക്കിയവരുടെ എണ്ണവും ഉയർന്നതാണ് കഴിഞ്ഞ തവണത്തെക്കാൾ അധികമായി എത്തിയ വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർധന കാണാത്തത്.
2024 ജനുവരി ഒന്ന് അടിസ്ഥാനമാക്കി 18 വയസ്സ് തികഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, ട്രൈബല്‍ വിഭാഗം, ഭിന്നലിംഗക്കാര്‍, പ്രവാസികള്‍, സർവിസ് വോട്ടേഴ്സ്, യുവജനങ്ങള്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നിങ്ങനെ വിഭാഗക്കാർക്കിടയിൽ വിപുലമായ കാമ്പയിനാണ് ഈ കാലയളവിൽ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിയത്. വോട്ടര്‍പട്ടിക പുതുക്കലിന് മുന്നോടിയായി വീടുകൾ കേന്ദ്രീകരിച്ചുള്ള വെരിഫിക്കേഷന്, പോളിങ് സ്റ്റേഷനുകളുടെ പുനഃക്രമീകരണം എന്നിവയും നടത്തി.
ആദ്യഘട്ട ഒരുക്കം പൂർണം
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യഘട്ട ഒരുക്കം ജില്ലയിൽ പൂർത്തിയായി. 1951 ബൂത്തുകളാണ് ജില്ലയിൽ ആകെ ഉള്ളത്. ഇവിടങ്ങളിൽ ആദ്യഘട്ട പരിശോധനകൾ നടത്തി. കുടിവെള്ളം, പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ, ഭിന്നശേഷി സൗഹൃദമുൾപ്പെടെ കാര്യങ്ങളാണ് പരിശോധിച്ചത്. ബൂത്തുകളിൽ ഭിന്നശേഷിക്കാർക്ക് സൗകര്യമാകുന്ന റാംപ് നിർബന്ധമാണ്. ആകെ ബൂത്തുകളിൽ 1743 എണ്ണത്തിലും സൗകര്യങ്ങൾ പൂർണമാണെന്ന് കലക്ടർ പറഞ്ഞു. റാംപ് ഇല്ലാത്ത ബൂത്തുകളുണ്ട്.
ഇവിടങ്ങളിൽ താൽക്കാലിക സൗകര്യമൊരുക്കാനാണ് തീരുമാനം. ജില്ലയിൽ ആകെ 2927 ബാലറ്റ് യൂനിറ്റുകളാണ് (വോട്ടിങ് മെഷീൻ) ഉള്ളത്. കൺട്രോൾ യൂനിറ്റുകൾ 2536 എണ്ണവുമുണ്ട്. വിവിപാറ്റ് 2731 എണ്ണമാണുള്ളത്. ഇതെല്ലാം കൊല്ലം നഗരത്തിലെ ഇലക്ഷൻ കമീഷൻ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്. രാഷ്ട്രീയ കക്ഷികളുടെ സാന്നിധ്യത്തിൽ ഇവയുടെ പരിശോധനകളും നടത്തിയിട്ടുണ്ട്.
ജനാധിപത്യപ്രക്രിയയുടെ ഭാഗമാകണം
വിവിധ മേഖലയിലുള്‍പ്പെട്ട ഒരാള്‍ പോലും ഒഴിവാക്കപ്പെടരുതെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കഴിഞ്ഞ വർഷം ജൂൺ ഒന്നിന് ആരംഭിച്ച സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായുള്ള അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പുതിയ വോട്ടർമാരെ ഉൾപ്പെടുത്താൻ മികവുറ്റ രീതിയിൽ കാമ്പയിൻ നടത്തി. വിവിധ പരിപാടികളിലൂടെ പുതിയ വോട്ടർമാരെ ഉൾപ്പെടെ ആകർഷിച്ചാണ് പട്ടികയിലുൾപ്പെടുത്തിയത്. അന്തിമ വോട്ടര്‍പട്ടിക എല്ലാ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.
അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ക്ക് കൈമാറുന്നതിനുള്ള നടപടികളായി. വോട്ടർപട്ടികയിൽ ഇനിയും ആളുകളെ ചേർക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാണ്. യുവജനങ്ങൾ താൽപര്യപൂർവം മുന്നോട്ടുവന്ന് ജനാധിപത്യപ്രക്രിയയുടെ ഭാഗമാകണം. അന്തിമ വോട്ടര്‍പട്ടികയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് അവസരമുണ്ടാകും.
-കലക്ടർ എൻ. ദേവിദാസ് (ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ)
നവാഗതരേ വരൂ പേര് ചേർക്കാം
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇനിയും പേര് ചേർക്കാനും തിരുത്തലുകൾ വരുത്താനും അവസരമുണ്ട്. www.voters.eci.gov.in വഴിയോ വോട്ടർ ഹെൽപ്ലൈൻ ആപ് വഴിയോ രജിസ്റ്റർ ചെയ്യാം. ബൂത്ത്, മണ്ഡലം ഉൾപ്പെടെ മാറ്റാനും വിവരങ്ങൾ തിരുത്താനും പരാതി നൽകാനും കഴിയും. ബൂത്ത് ലെവൽ ഓഫിസറെ ബന്ധപ്പെട്ടാലും സഹായം ലഭിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന തുടർ പ്രക്രിയയുടെ ഭാഗമായാണ് ഇനിയും അവസരമുള്ളത്. ലോക്സഭ ഇലക്ഷൻ പ്രഖ്യാപിച്ചുകഴിഞ്ഞാൽ നാമനിർദേശപത്രിക സമർപ്പിക്കുന്ന അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാനാകും.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് പ്രോത്സാഹിപ്പിക്കാൻ ബൂത്ത് ലെവൽ ഏജന്റുമാർ(ബി.എൽ.എ) വഴിയും ഇലക്ഷൻ കമീഷൻ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. രാഷ്ട്രീയ പാർട്ടിക്കാരുടെ ഏജന്റുമാരാണ് ഇവർ. ജില്ലയിൽ രജിസ്റ്റർ ചെയ്ത 3493 ബി.എൽ.എമാരാണുള്ളത്. ഇവരിൽ വലിയൊരു വിഭാഗം പുതിയ വോട്ടർമാരെ ചേർക്കാൻ അക്ഷീണം പ്രവർത്തിക്കുന്നുണ്ട്. സമാനമായി വോട്ടർ പട്ടികയിലെ ഇരട്ടിപ്പ്, മരിച്ചവർ, സ്ഥലം മാറിപ്പോയവർ എന്നിവരിൽ വലിയ വിഭാഗത്തിനെ ഒഴിവാക്കാൻ ഇതുവരെ സാധിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

