താമരക്കുടിയിൽ പുലിയെ കണ്ടതായി നാട്ടുകാർ; കാട്ടുപൂച്ചയെന്ന് വനം വകുപ്പ്
text_fieldsകൊട്ടാരക്കര: കൊട്ടാരക്കര താമരക്കുടി അപ്പൂപ്പൻ കല്ലിൽ പട്ടാപ്പകൽ പുലിയെ കണ്ടതായി നാട്ടുകാർ. അഞ്ചൽ വനം വകുപ്പ് സ്ഥലത്തെത്തി പരിശോധിച്ചശേഷം കാട്ടുപൂച്ചയാകാമെന്ന് വിലയിരുത്തി.
ചൊവ്വാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. നാട്ടുകാർ കുരങ്ങിന്റെ ബഹളം കേട്ട് വീടുകളിൽനിന്ന് പുറത്തിറങ്ങി നോക്കി. ഈ സമയം പുലി കുരങ്ങിനെ കടിച്ചുകൊണ്ട് പോകുന്നതാണ് കണ്ടത്. സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളും പുലിയെതന്നെയാണ് കണ്ടതെന്ന് ഉറപ്പിച്ച് പറയുന്നു. തുടർന്ന് നാട്ടുകാർ സംഘടിച്ച് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് നാട്ടുകാർ അഞ്ചൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്താൻ സാധിച്ചില്ല. പലയിടങ്ങളിൽനിന്ന് ശേഖരിച്ച കാൽപ്പാടുകൾ കാട്ടുപന്നിയുടേതാണെന്ന് അധികൃതർ കണ്ടെത്തി. ജനങ്ങളിൽ ഭീതി ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് കൂട് സ്ഥാപിക്കാമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
കാട്ടുപന്നി, കുരങ്ങ്, മയിൽ, കാട്ടുപൂച്ച എന്നിവ കൂടുതലായി കാണപ്പെടുന്ന പ്രദേശമാണ് ഇവിടം. അതിനാൽ ഇവയുടെ കാൽപ്പാടുകൾ സ്ഥിരമായി കാണപ്പെടാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇപ്പോൾ പകൽ സമയത്ത് നേരിൽ കണ്ടത് പുലിയെയാണെന്ന് നാട്ടുകാർ ഉറപ്പിച്ചതോടെ വനം വകുപ്പ് അടിയന്തരമായി ഇതിനെ പിടികൂടുന്നതിനായി നടപടികൾ ആരംഭിച്ചു. മൂന്നു ദിവസം മുമ്പ് പൂയപ്പള്ളി ഓട്ടുമലയിൽ പുലിയെ കണ്ടതായി സംശയം ഉണ്ടായതിനെ തുടർന്ന് വനം വകുപ്പ് സി.സി ടി.വി സ്ഥാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

