പാലം നിർമാണത്തില്‍ അപാകത ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം
text_fieldsഅമ്പതേക്കര്‍ പാലം നിര്‍മാണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് ബീമിന്റെ ഒരുവശത്തു മാത്രം
കമ്പികള്‍ സ്ഥാപിച്ച നിലയില്‍
കുളത്തൂപ്പുഴ: ആദിവാസി സങ്കേതം ഉൾപ്പെടെ ജനവാസ മേഖലയിലേക്കുള്ള വനപാതയിലെ പാലം നിർമാണത്തില്‍ അപാകത ആരോപിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. കുളത്തൂപ്പുഴ പഞ്ചായത്തിലെ വില്ലുമല അമ്പതേക്കര്‍ പാതയിലുള്ള കുഞ്ഞുമാന് തോടിന് കുറുകെയുള്ള പാലം നിർമാണത്തിനെതിരെയാണ് പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തിയത്.
നാലുപതിറ്റാണ്ട് മുമ്പ് നിർമിച്ച പാലം കാലവര്‍ഷത്തില്‍ ജലനിരപ്പുയര്‍ന്ന് നിരന്തരം വെള്ളത്തിനടിയിലാവുകയും പ്രദേശം ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നതിനു പരിഹാരമായി എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നും 95 ലക്ഷം രൂപ മുടക്കി നിർമിക്കുന്ന പുതിയ പാലത്തിന്റെ വശങ്ങളുടെ നിർമാണം പുരോഗമിക്കവേയാണ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്തെത്തിയത്.
പാലത്തിന്റെ ഇരുകരകളിലും അപ്രോച്ച് റോഡിനായി വശങ്ങളില് നിർമിക്കുന്ന കോണ്‍ക്രീറ്റ് ബീമിന്റെ ഒരു വശത്തു മാത്രമായാണ് കമ്പികള്‍ പാകിയിട്ടുള്ളത്. മൂന്നടിയോളം കനത്തില്‍ നിർമിക്കുന്ന കോണ്‍ക്രീറ്റ് ഭിത്തിയുടെ ഒരുവശത്തു മാത്രം കമ്പികള്‍ പാകുന്നത് ഭാവിയില്‍ ഭിത്തിക്ക് വിള്ളലുണ്ടാവുന്നതിനും പൊട്ടിതകരുന്നതിനും കാരണമാകാമെന്ന ഭീതിയാണ് നാട്ടുകാര്‍ക്കുള്ളത്. ഇതുസംബന്ധിച്ച് കരാറുകാരോട് നാട്ടുകാരില്‍ ചിലര്‍ സംസാരിച്ചുവെങ്കിലും കരാര്‍ പ്രകാരമുള്ള ജോലികളാണ് ചെയ്യുന്നതെന്ന വിശദീകരണമാണ് ലഭിച്ചത്.
അതേസമയം തൃപ്തികരമായ മറുപടി ലഭിക്കാതെ വന്നതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തിയശേഷം നിർമാണ ജോലികള്‍ തുടര്‍ന്നാല്‍ മതിയെന്ന നിലപാടുമായി നാട്ടുകാര്‍ രംഗത്തെത്തുകയുമായിരുന്നു. ഇതിനിടെ കരാറുകാര്‍ പൊതുമരാമത്ത് എൻജിനീയറുമായും പുനലൂര്‍ എം.എല്‍.എയുമായും ബന്ധപ്പെടുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.
നാട്ടുകാര്‍ സംഘടിച്ചതോടെ സ്ഥലത്തെത്തിയ ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ. അനില്‍കുമാര്‍, ഇ. കെ. സുധീര്‍, അജിത, എം.എല്‍.എയുടെ പ്രതിനിധി വൈശാഖ് എന്നിവരും പൊതുമരാമത്ത് വിഭാഗം അഞ്ചല്‍ സെക്ഷന്‍ എൻജിനീയറും നാട്ടുകാരുമായി ചര്‍ച്ച നടത്തുകയും നിലവിലെ സാങ്കേതിക സംവിധാനങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് സര്‍ക്കാര്‍ തയാറാക്കിയിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരമാണ് നിർമാണം നടത്തുന്നതെന്നും വ്യക്തമാക്കി. കാലാന്തരത്തില്‍ കോണ്‍ക്രീറ്റിന് ബലക്ഷയമുണ്ടാകുമെന്ന നാട്ടുകാർ ആശങ്ക അറിയിച്ചതോടെ പാലത്തിന് 25 വര്‍ഷംവരെ യാതൊരുവിധ ബലക്ഷയവുമുണ്ടാകാന് സാധ്യതയില്ലെന്ന ഉറപ്പ് പൊതുമരാമത്ത് എൻജിനീയര്‍ നല്കി. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

