ആനച്ചാടിയിൽ മലയിടിക്കൽ ഉരുൾപൊട്ടൽ ഭീതിയിൽ പ്രദേശവാസികൾ
text_fieldsപുനലൂർ: ഉരുൾപൊട്ടലും മലയിടിച്ചിലും നിരന്തരം ഉണ്ടാകുന്ന പശ്ചിമഘട്ട മല അടിവാരങ്ങളെ മറ്റൊരു ചൂരൽമലയും- മുണ്ടക്കൈയും ആക്കുമെന്ന നിലയിൽ കുന്നിടിക്കലും പാറപൊട്ടിക്കലും നിർബാധം തുടരുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാറുമായി കേസുള്ള ആര്യങ്കാവിലെ സ്വകാര്യ എസ്റ്റേറ്റിലെ തേയില ചെടി നശിപ്പിച്ച് ഇതിലൂടെയാണ് സ്വകാര്യ ഭൂമിയിലേക്ക് മേലേ ആനച്ചാടിയിൽ വലിയ റോഡ് നിർമിച്ചത്. റോഡിനായി ചെങ്കുത്തായ മല കുത്തിക്കീറി കൂറ്റൻ പാറക്കെട്ടുകൾ തകർത്തു. പൊട്ടിച്ചെടുത്ത പാറ ഉപയോഗിച്ച് റോഡിന് സംരക്ഷണ ഭിത്തി ഒരുക്കി സുരക്ഷിതമാക്കി. ആനയും കടവയും പുലിയും വിഹരിക്കുന്ന വനത്തോട് ചേർന്ന മേഖലയിലാണ് ഈ പാറപൊട്ടിക്കൽ നടന്നത്.
കൂടാതെ ഈ റോഡിൽ മറ്റുള്ളവർ കടക്കുന്നത് തടഞ്ഞ് റോഡിന് കുറുകെ ഗേറ്റ് സ്ഥാപിച്ച് ബോർഡും വെച്ചിട്ടുണ്ട്. കിഴക്കൻ മേഖലയിലെ ചില രാഷ്ട്രീയ നേതാക്കളുടേയും അധികൃതരുടേയും ഒത്താശയോടെയാണ് മേലേ ആനച്ചാടിയിൽ പൊക്ലൈനറും നിരവധി തൊഴിലാളികളെയും ഉപയോഗിച്ച് ദിവസങ്ങൾ നീണ്ട ഈ നിർമാണങ്ങൾ നടത്തിയത്. വനം വകുപ്പിന്റെ ക്യാമ്പ് ഓഫിസിനടുത്ത് നടന്ന മലയിടിക്കൽ സംബന്ധിച്ച് വ്യക്തമായ മറുപടി തരാൻപോലും വനം-റവന്യൂ അധികൃതർ തയാറല്ല.
നൂറുകണക്കിന് തൊഴിലാളികൾ ജോലിചെയ്ത് കുടുംബമായി താമസിക്കുന്ന മേഖലയാണ് അമ്പനാട് ഉൾപ്പെട്ട എസ്റ്റേറ്റ് മേഖല. തേയില, റബർ, കുരുമുളക് തുടങ്ങി എല്ലാ കൃഷികളും ഇവിടെയുണ്ട്. കൂടാതെ മൂടൽമഞ്ഞ് പെയ്യുന്ന ഈ മേഖല ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവുമാണ്. മലയടിവാരങ്ങളിലും മറ്റുമാണ് നൂറുകണക്കിന് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുള്ളത്. മഴക്കാലത്ത് ഉരുൾപൊട്ടലും മലയിടിച്ചിലും മൂലം പലപ്പോഴും ഈ വനമേഖലയിൽ വലിയ നാശം ഉണ്ടാകാറുണ്ട്. ഇത് സംബന്ധിച്ച് വിദഗ്ധ സംഘങ്ങൾ ആര്യങ്കാവ് പഞ്ചായത്തിന്റെ പലഭാഗങ്ങളിലും പരിശോധന നടത്തി കുന്നിടിക്കൽ ഉൾപ്പെടെ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ളതാണ്. ഇതെല്ലാം അവഗണിച്ചാണ് ആനച്ചാടിയിൽ കൂറ്റൻ പാറക്കെട്ടുകൾ പൊട്ടിച്ചുമാറ്റിയത്. അതുകൊണ്ടുതന്നെ ഇവിടം ഉരുൾപൊട്ടൽ ഭീതിയിലുമാണ്.
സർക്കാറുമായി ഉടമസ്ഥാവകാശ തർക്കവും കേസും നടന്നുവരുന്ന എസ്റ്റേറ്റിൽ തേയില ചെടികൾ നശിപ്പിച്ച് മറ്റൊരു വ്യക്തി റോഡു നിർമിച്ചതിലും ദുരൂഹതയുണ്ട്. കേസുള്ളതിനാൽ എസ്റ്റേറ്റ് നിലവിൽ കൈവശമുള്ള ഉടമക്ക് മറ്റൊരാൾ വഴി നിർമാണത്തിനോ മറ്റ് ആവശ്യങ്ങൾക്കോ എസ്റ്റേറ്റ് ഭൂമി വിട്ടുകൊടുക്കാൻ കഴിയില്ല. കൂടാതെ ആനച്ചാടിയിൽ മറ്റു ചിലർക്കുള്ള സ്വകാര്യ ഭൂമിയും സ്വന്തമാക്കാൻ ഭൂഉടമ ശ്രമിക്കുന്നതായി ആരോപണമുണ്ട്. ഇതിന്റെ ഭാഗമായി ചില കുടുംബങ്ങൾ കൈവശ ഭൂമിയിലേക്ക് വർഷങ്ങളായി ഉപയോഗിച്ചിരുന്ന വഴി തടസപ്പെടുത്തി.
എന്നാൽ ആനച്ചാടിയിലെ നിർമാണ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും ഇത് സംബന്ധിച്ച് പുനലൂർ തഹസീൽദാർക്ക് റിപ്പോർട്ട് നൽകിയതായും ആര്യങ്കാവ് വില്ലേജ് ഓഫീസർ പറഞ്ഞു. ഉടമസ്ഥാവകാശ തർക്കമുള്ളതിനാൽ ഇക്കാര്യത്തിൽ കൂടുതൽ നടപടിക്ക് മേലധികാരികളുടെ നിർദേശം വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

