അഷ്ടമുടിക്കായല്‍ മാലിന്യമുക്തമാക്കാൻ കൂട്ടായ നടപടി
text_fieldsകൊല്ലം: അഷ്ടമുടിക്കായലില്‍ മാലിന്യം അടിഞ്ഞുകൂടുന്നത് തടയാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച നിയമസഭ പരിസ്ഥിതി സമിതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫിന്റെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.
വീടുകള്‍, സ്ഥാപനങ്ങള്‍, ഹൗസ് ബോട്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സെപ്റ്റിക് മാലിന്യവും ബോട്ട്യാര്ഡുകളില് നിന്നുള്ള മാലിന്യവും തടയാനുള്ള നടപടികളും കര്‍ശനമാക്കും. വീടുകള്‍, സ്ഥാപനങ്ങള്‍, ഹൗസ് ബോട്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സെപ്റ്റിക് മാലിന്യങ്ങളും ബോട്ട്യാര്ഡുകളില് നിന്നുള്ള മാലിന്യങ്ങളും വഴിയുള്ള മലിനീകരണം തടയാനുള്ള നടപടികളും കര്‍ശനമാക്കും.
കക്കൂസ് മാലിന്യം ഒഴുക്കുന്നത് തടയാന്‍ ബയോടോയ്ലറ്റുകള്‍ വ്യാപകമാക്കും. കായലുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകള്‍ മാലിന്യസംസ്കരണത്തിന് പദ്ധതികള്‍ തയാറാക്കണം. അറവുശാല-ഹൗസ്ബോട്ട് മാലിന്യം, പ്ലാസ്റ്റിക് തുടങ്ങിയവ നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. പ്ലാസ്റ്റിക് നിരോധനം കൂടുതല്‍ കര്‍ശനമാക്കും. മാലിന്യനിര്‍മാര്‍ജനത്തിന് സീവേജ് പ്ലാന്റുകള്‍ നവീകരിക്കും.
കായല്‍സംരക്ഷണ പദ്ധതികളുടെ പ്രവര്‍ത്തനപുരോഗതിയും വിവിധ വകുപ്പുകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും വിലയിരുത്തി. കലക്ടർ അഫ്സാന പർവീൺ, ജില്ല വികസന കമീഷണര്‍ ആസിഫ് കെ. യൂസഫ്, ഡെപ്യൂട്ടി കലക്ടര്‍ ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

