ഇടതൊഴിഞ്ഞു, കൊല്ലം വലത്തേക്ക്
text_fieldsകൊല്ലം: വൻ വിജയങ്ങളും ചരിത്രനേട്ടങ്ങളും നൽകി ഇടനെഞ്ചിൽ ചേർത്തുനിർത്തിയിരുന്ന ഇടതുപക്ഷത്തിന് വൻ ആഘാതം നൽകി വലത്തേക്ക് വെട്ടിമാറി കൊല്ലംജനത. അഭിമാനപോരാട്ട വേദിയായ കൊല്ലം കോർപറേഷൻ പിടിച്ചതിനൊപ്പം ജില്ല പഞ്ചായത്തിൽ തകർപ്പൻ മുന്നേറ്റവും പഞ്ചായത്തുകളിൽ പകുതിയോളവും ഒരു മുൻസിപ്പാലിറ്റിയും മൂന്ന് ബ്ലോക്ക് പഞ്ചായത്തും നൽകി ചരിത്ര വിജയമാണ് കൊല്ലത്തിന്‍റെ മണ്ണ് യു.ഡി.എഫിന് കാത്തുവച്ചത്. അതേസമയം, ബി.ജെ.പിയുടെ അപ്രതീക്ഷിത കടന്നുകയറ്റം കൂടി ചേർന്നതോടെ എൽ.ഡി.എഫ് വീഴ്ച കടുത്തതായി. നേടിയ വിജയങ്ങൾ പോലും ആസ്വദിക്കാനാകാത്ത വിധം തലതാഴ്ത്തി നിൽക്കുകയാണ് ജില്ലയിൽ എൽ.ഡി.എഫ് നേതൃത്വം. ജില്ല മുഴുവൻ നേടിയാലും ‘ആത്മാവായ’ കൊല്ലം കോർപറേഷൻ കൈവിട്ടു എന്നത് നേതാക്കൾക്കും പ്രവർത്തകർക്കുമൊന്നും സമാധാനം നൽകാത്ത ഫലമായി മാറിക്കഴിഞ്ഞു.
ജില്ല പഞ്ചായത്തിൽ കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റിൽ നിന്ന് ഇത്തവണ 10 സീറ്റിലേക്ക് ഉയർന്ന യു.ഡി.എഫ്, കൊല്ലം കോർപറേഷനിൽ 27 സീറ്റുകളുമായി ചരിത്രത്തിൽ ആദ്യമായി ഭരണംതന്നെ പിടിച്ചു. 15 വർഷമായി അകന്നുനിന്ന കരുനാഗപ്പള്ളി നഗരസഭ തിരിച്ചുപിടിച്ച് യു.ഡി.എഫ് കുതിച്ചതും എൽ.ഡി.എഫിന്‍റെ നെഞ്ചിൽ തറക്കുന്ന വിജയമാണ്. പരവൂർ നഗരസഭയിൽ യു.ഡി.എഫിനെ നിലംപരിശാക്കി ഭരണം തിരിച്ചുപിടിക്കാൻ സാധിച്ചത് എൽ.ഡി.എഫിന് ആശ്വാസമാണ്. കൊട്ടാരക്കര, പുനലൂർ മുൻസിപ്പാലിറ്റികൾ എൽ.ഡി.എഫിന് ഒപ്പം തന്നെ നിന്നു.
ആകെയുള്ള 68 പഞ്ചായത്തുകളിൽ 32 എണ്ണവും യു.ഡി.എഫിനൊപ്പം നിന്നപ്പോൾ 33 പഞ്ചായത്തുകളിൽ എൽ.ഡി.എഫും വിജയിച്ചു. 70 വർഷത്തെ ചരിത്രം തൂത്തെറിഞ്ഞ് ഇടതുപക്ഷത്തിന്‍റെ കോട്ടയായ മയ്യനാട് പഞ്ചായത്ത് യു.ഡി.എഫ് സ്വന്തമാക്കിയതിൽ തന്നെ ജില്ലയിലെ വലതുമുന്നേറ്റത്തിന്‍റെ ചിത്രമുണ്ട്. ഞെട്ടിക്കുന്ന പ്രകടനവുമായി രണ്ട് പഞ്ചായത്തിൽ എൻ.ഡി.എ ഭരണം പിടിച്ചു എന്നത് എൽ.ഡി.എഫിനും യു.ഡി.എഫിനും തിരിച്ചടിയാണ്. ചിറക്കരയും നെടുവത്തൂരും ആണ് എൻ.ഡി.എ പിടിച്ചത്. കടയ്ക്കൽ പഞ്ചായത്തിൽ ബി.ജെ.പി ഒരു വാർഡ് പിടിച്ചതും ഞെട്ടിപ്പിക്കുന്ന വിജയമാണ്. ഉമ്മന്നൂർ പഞ്ചായത്തിൽ ഫലം സമനിലയിലാണ്.
ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴിടത്ത് എൽ.ഡി.എഫും യു.ഡി.എഫ് മൂന്നിടത്തും ജയിച്ചപ്പോൾ, ഒരിടത്ത് സമനിലയായി. ചരിത്രനേട്ടവുമായി വൻ മുന്നേറ്റം നടത്താനായത് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഊർജമാക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ് നേതൃത്വം. യു.ഡി.എഫ് തരംഗത്തിൽ ഇത്രയെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞതിൽ ആശ്വസിക്കുകയാണ് എൽ.ഡി.എഫ്. ബി.ജെ.പിയാകട്ടെ വൻ മുന്നേറ്റം നടത്താൻ കഴിഞ്ഞതിന്‍റെ ആഹ്ലാദത്തിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

