കിണറ്റിൽ പുലി; ആകാംക്ഷയും ആശങ്കയും കരയിൽ
text_fieldsപത്തനാപുരം:‘പുലി വീണേ പുലി’യെന്ന് ഉറക്കെ വിളിയുണർന്നപ്പോൾ ഒരു നാടാകെ ഒഴുകിയെത്തുന്നതായിരുന്നു വെള്ളിയാഴ്ച ചങ്ങപ്പാറ കമ്പിലൈൻ മേഖലയിലെ കാഴ്ച. പിറവന്തൂർ പഞ്ചായത്തിലെ പെരുന്തോയിൽ കാക്കപൊന്ന് വന മേഖലയിൽ നിന്നും ഒരു കിലോമീറ്ററോളം ഉള്ളിലാണ് കമ്പിലൈൻ മേഖലയിൽ എത്താൻ. രാവിലെ ഏഴിന് പുലി വീണ വിവരം പരന്നതോടെ കേട്ടവർ അങ്ങോട്ടേക്ക് എത്തുന്ന തിരക്കിലായിരുന്നു.
വിവരമറിഞ്ഞ് പുലിക്കൂടുമായി എട്ടരയോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആദ്യമെത്തി. പിന്നെ പുലിയെ എങ്ങനെ കരക്ക് എത്തിക്കാമെന്ന ചർച്ചയായി. മയക്കുവെടി വച്ചശേഷം പുറത്തെത്തിക്കാമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ, സാഹചര്യങ്ങൾ വിലയിരുത്തി നിമിഷങ്ങൾക്കകം വെറ്റിനറി ഡോക്ടർ തീരുമാനം മാറ്റി.
പുലി ഏറെ നേരമായി വെള്ളത്തിലായതിനാൽ മയക്കു വെടിവച്ചാൽ അവസ്ഥ എന്താകുമെന്നത് പറയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം മാറ്റിയത്. ഇതോടെ ആർ.ആർ.ടി. സംഘത്തെ ഉപയോഗിച്ച് പുലിയെ കരക്ക് കയറ്റാൻ ശ്രമം ആരംഭിച്ചു. ഇതിന് ഒരുക്കം നടക്കുന്നതിനിടെ പുനലൂരിൽ നിന്ന് അഗ്നിരക്ഷാസേന സംഘം എത്തി.
തുടർന്ന് അഗ്നിരക്ഷാസേന സംഘം കൊണ്ടുവന്ന വല കിണറ്റിലേക്ക് ഇറക്കി പുലിയെ കയറ്റാനായി ശ്രമം തുടങ്ങി. കിണറിന് ചുറ്റുകെട്ട് ഇല്ലാത്തത് കൊണ്ട്, കിണറിനു ചുറ്റും തിങ്ങി കൂടിയ ജനത്തെ നിയന്ത്രിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ നന്നേ പാടുപെട്ടു.
ഇതിനിടയിൽ, പുലിയെ കരക്ക് എത്തിച്ചാൽ ചാടി പോകുമോ എന്ന ആശങ്കയും ഉയർന്നു. ഇത് മുൻകൂട്ടി കണ്ട് കരിയില കൂട്ടി കിണറിന് സമീപത്ത് തീയിട്ടു. ആദ്യ ശ്രമങ്ങളിൽ കിണറ്റിലിട്ട വലയിൽ പുലിയുടെ ശരീരം കുരുങ്ങിയില്ല. കിണറ്റിൽ വെള്ളം കുറവായത് കാരണം ദൗത്യം ഒന്നര മണിക്കൂർ ആണ് നീണ്ടത്. സമീപത്തെ വീടുകളിൽ നിന്നെല്ലാം ബക്കറ്റിൽ വെള്ളമെത്തിച്ച് കിണറ്റിലേക്ക് ഒഴിച്ചു.
ഉച്ചക്ക് 12 കഴിഞ്ഞതോടെ ആണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ ദൗത്യം അവസാന ഘട്ടത്തിലേക്ക് എത്തിയത്. വലയിൽ പുലി കയറിയതോടെ നാല് വശത്തുനിന്നും കെട്ടിയ കയർ ഉയർത്താനായി ശ്രമം. ഓടാൻ തയ്യാറായി നിന്നവർ ഉൾപ്പെടെ മൊബൈൽ ഫോണുകളുടെ കാമറ റെഡിയാക്കി കാഴ്ച പകർത്തുന്ന തിരക്കിലായി. ഒടുവിൽ, ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ വലയിലകപ്പെട്ട പുലിയെ കരക്കെത്തിച്ചപ്പോൾ തല പുറത്തിട്ട് ശൗര്യത്തോടെ ചുറ്റും കൂടിയവരെ നോക്കുന്ന പുലിയെ കാണാനും തിരക്കായി. മറ്റൊരു വല കൂടി കെട്ടി ഭദ്രമായി പൊതിഞ്ഞ് കൂട്ടിലാക്കിയാണ് അമ്പനാർ ഡിവിഷനിലേക്ക് പുലിയെ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

