കരവാളൂർ പച്ചയിൽ മലയിൽ ഉരുൾപൊട്ടി; ഒഴിവായത് വൻദുരന്തം
text_fieldsകരവളൂർ പിനാക്കിൾ വ്യൂ പോയിന്റിന് സമീപം പച്ചയിൽ മലയിലുണ്ടായ ഉരുൾപൊട്ടൽ
പുനലൂർ: കരവാളൂർ പിനാക്കിൾ വ്യൂപോയിന്റിന് സമീപം പച്ചയിൽ മലയിൽ റബർ തോട്ടത്തിൽ വൻ ഉരുൾപൊട്ടൽ. വൻ തോതിൽ കൃഷിനാശം നേരിട്ടു. പരിസരത്ത് ആൾ താമസം ഇല്ലാത്തതിനാൽ ദുരന്തം ഒഴിവായി. തറനിരപ്പിൽ നിന്നും വളരെ ഉയരത്തിലുള്ള മലമടക്കുകളാലുള്ള ഈ ഭാഗത്ത് പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികൾ എത്താറുള്ളതാണ്. തിങ്കളാഴ്ച രാവിലെയാണ് പ്രദേശവാസികൾ ഉരുൾപൊട്ടൽ വിവരം അറിയുന്നത്. ഞായറാഴ്ച വൈകിട്ട് മൂന്നരമുതൽ രാത്രി എട്ടരവരെ ഈ മേഖലയിൽ കനത്തമഴ അനുഭവപ്പെട്ടിരുന്നു. രാത്രി 9.30 ഓടെയാണ് വലിയ ശബ്ദത്തോടെ പച്ചയിൽ മലയിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ ഉരുൾപൊട്ടിയത്.
റോഡ് നിരപ്പിൽനിന്നും നൂറ് അടിയിലധികം ഉയരത്തിലുള്ള മലയുടെ പാറക്കോട്ടൊടെയുള്ള ഭാഗം തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു. വലിയ റബർ മരങ്ങളും സമീപ പുരയിടങ്ങളിലെ മറ്റ് കൃഷികൾ പിഴുത് മറിച്ച് മണ്ണും മറ്റ് അവശിഷ്ടങ്ങളും കുന്ന് ഇടിഞ്ഞ് 300 മീറ്ററോളം താഴേക്ക് ഒഴുകി വയലിൽ അടിഞ്ഞ് വെള്ളം ഉയർന്നു. മലയിൽ നിന്നും നിലവിലുള്ള ചെറിയ നീർചാൽ തോടിന് സമാനമായി. വയലിൽ ഉൾപ്പെടെ ഒരു കിലോമീറ്ററോളം അവശിഷ്ടങ്ങൾ അടിഞ്ഞിട്ടുണ്ട്. ഇതിനടുത്ത് അഞ്ച് വീടുകളിൽ ആൾ താമസം ഉണ്ടായിരുന്നു.
വയലിൽ വെള്ളം ഉയർന്നതോടെ ഇവിടെയുള്ള മുളമൂട്ടിൽ മണിയും വയോധികയായ മാതാവും ഉൾപ്പെടെ കുടുംബാംഗങ്ങൾ രാത്രിയിൽ ഇവിടെ നിന്നും ബന്ധു വീട്ടിലേക്ക് മാറി. കുന്നിന്റെ ചുറ്റുവട്ടത്ത് അമ്പത് മീറ്ററോളം ചുറ്റളവിൽ മണ്ണ് ഇടിഞ്ഞു താഴേക്ക് ഒഴുകി. ഉരുൾപൊട്ടിയ ഭാഗത്തുണ്ടായിരുന്ന വലിയ മരങ്ങൾ ഉൾപ്പെടെ മുന്നൂറോളം റബർ മരങ്ങളും പിഴുത് വെള്ളത്തോടൊപ്പം താഴേക്ക് ഒഴുകി. പ്രദേശത്തെ മറ്റു കൃഷികളും നശിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതികമ്മ, പുനലൂർ താലൂക്ക് അധികൃതർ, വില്ലേജ് അധികൃതർ, ജിയോളജി, കൃഷി വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കൃഷിനാശം സംബന്ധിച്ച കണക്ക് തിട്ടപ്പെടുത്തിവരികയാണെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

