ഭൂരേഖകൾ കാണാനില്ല; ഇ.എസ്.ഐ ആശുപത്രി വികസനം പ്രതിസന്ധിയിൽ
text_fieldsകൊല്ലം ആശ്രാമം ഇ.എസ്.ഐ ആശുപത്രി
കൊല്ലം: ആശ്രാമം ഇ. എസ്.ഐ മോഡൽ ആൻഡ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രി മെഡിക്കൽ കോളജാക്കി മാറ്റാനുള്ള ശ്രമങ്ങൾക്കിടയിൽ നടപടികൾ പ്രതിസന്ധിയിലാക്കി ഭൂമിയുടെ രേഖകൾ കാണാനില്ല. ആശുപത്രി ഇരിക്കുന്ന ഭൂമി റവന്യൂ അധികൃതരുടെ രേഖയിൽ ഇപ്പോഴും പുറമ്പോക്ക് ഭൂമിയാണ്. 1965ൽ ഇ.എസ്.ഐ കോർപറേഷൻ ഭൂമിക്ക് പണം നൽകിയതിന്റെ ചില രേഖകളാല്ലാതെ മറ്റൊന്നും അധികൃതരുടെ കൈവശമില്ല.
ആശുപത്രിയിലെ കിടക്കകളുടെ എണ്ണം 200ൽ നിന്ന് 300 ആയി വർധിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന വികസന സൗകര്യങ്ങൾ സജ്ജമാക്കുന്നതിനും പുതിയ സർവിസ് ബ്ലോക്ക് നിർമിക്കുന്നതിനും ആവശ്യമായ അനുമതിക്കായി തിരഞ്ഞപ്പോഴാണ് രേഖകൾ നഷ്ടമായെന്ന് വെളിപ്പെടുന്നത്. കെട്ടിട നിർമാണം പി.ഡബ്ല്യൂ.ഡിയെ ഏൽപ്പിച്ചിരുന്നു. വികസന പദ്ധതികൾ നടപ്പാക്കാൻ വിവിധ അധികാര സ്ഥാനങ്ങളിൽനിന്ന് അനുമതി ലഭ്യമാക്കാനുള്ള നടപടികളാണ് പൂർത്തിയാകേണ്ടത്.
രേഖകൾ നഷ്ടമായ സാഹചര്യത്തിൽ ഭൂമി സംബന്ധമായി സാക്ഷ്യപത്രം ലഭ്യമാകുന്നതിനായി കഴിഞ്ഞദിവസം കലക്ടർ തലത്തിൽ യോഗം ചേരുകയും അന്തിമ തീരുമാനത്തിനായി സർക്കാറിന്റെ പരിഗണനക്ക് വിടുകയും ചെയ്യേണ്ടിവന്നു. ഭൂമിയുടെ രേഖകൾ സംബന്ധിച്ച് സർക്കാറിൽനിന്നാണ് ഇനി തീരുമാനം ഉണ്ടാകേണ്ടത്. കേന്ദ്രസർക്കാർ അനുവദിച്ച പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ തുകയുടെ 40 ശതമാനം കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. ആശുപത്രിയുടെ
വികസന പദ്ധതി സംബന്ധിച്ച് ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യം ഉന്നയിച്ചപ്പോൾ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൺസുഖ് മണ്ഡാവ്യ രേഖാമൂലം നൽകിയ മറുപടിയിലാണ് പണം അനുവദിച്ചകാര്യം വ്യക്തമായത്. പ്രവൃത്തി ആരംഭിക്കാനുള്ള നടപടികളിലേക്ക് കടന്നപ്പോഴാണ് ഭൂമി സംബന്ധിച്ച രേഖകളുടെ അഭാവം പ്രതിസന്ധിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

