അടിസ്ഥാന സൗകര്യങ്ങളില്ല; വീർപ്പുമുട്ടി ആര്യങ്കാവിലെ എക്സൈസ് ‘കണ്ടെയ്നർ’ ചെക്പോസ്റ്റ്
text_fieldsപുനലൂർ: സംസ്ഥാനാതിർത്തിയിൽ ആര്യങ്കാവിൽ ശേഷിക്കുന്ന പ്രധാനപ്പെട്ടതായ എക്സൈസ് ചെക്പോസ്റ്റ് മതിയായ സൗകര്യങ്ങളില്ലാതെ പ്രവർത്തനം ബുദ്ധിമുട്ടുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവുൾപ്പെടെ നിരോധിത ലഹരി ഉൽപന്നങ്ങൾ കേരളത്തിലേക്ക് കടത്തുന്ന പ്രധാന മാർഗമാണ് ആര്യങ്കാവ് പാത.
ജീവനക്കാർക്ക് അടിസ്ഥാനസൗകര്യമില്ലാത്തതിലുപരി വാഹനങ്ങളിലും അല്ലാതെയും ഇതുവഴി വരുന്നവരിൽ സംശയകരമായ സാഹചര്യത്തിൽ പിടിക്കുന്നവരെ വേണ്ടവണ്ണം പരിശോധിക്കാനോ ചോദ്യംചെയ്യാനോ ഉള്ള സൗകര്യം ഇവിടെ ഇല്ല. ഇതുകാരണം ലഹരിവസ്തുക്കൾ കടത്തുകാരുടെ നിർഭയപാതയിലാണ് ചെക്പോസ്റ്റും ജീവനക്കാരും ദുരിതപ്പെട്ടുപ്രവർത്തിക്കുന്നത്.
മുമ്പ് ആര്യങ്കാവ് ജങ്ഷനിൽ വാണിജ്യനികുതിവകുപ്പിന്റെ കെട്ടിടത്തിൽ വിശാലമായി പ്രവർത്തിച്ചിരുന്ന ചെക്പോസ്റ്റ് പീന്നീട് റേഞ്ച് ഓഫിസ് ജങ്ഷന് സമീപത്ത് പാതയോരത്ത് കണ്ടെയ്നർ സ്ഥാപിച്ച് അതിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, കണ്ടെയ്നറിൽ ആവശ്യത്തിന് സ്ഥലസൗകര്യമില്ലാത്തത് പ്രധാന തടസ്സമാണ്. ആവശ്യത്തിന് വെള്ളവും മറ്റ് അടിസ്ഥാനസൗകര്യവുമില്ല. വിശ്രമത്തിന് സൗകര്യമില്ലാത്തതിനാൽ കണ്ടെയ്നറിനോട് ചേർന്ന് പ്ലാസ്റ്റിക് ടാർപ്പോളിൻ വലിച്ചുകെട്ടി അതിനുള്ളിൽ കാട്ടുകമ്പ് കൊണ്ട് ഉണ്ടാക്കിയ താൽക്കാലിക സംവിധാനങ്ങളാണ് ഇവരുടെ ആശ്രയം.
ഒരു സി.ഐ ഉൾപ്പടെ മൂന്ന് ഷിഫ്റ്റിലായി 18 ജീവനക്കാരുണ്ട്. അടിസ്ഥാനസൗകര്യമില്ലാത്തതിനാൽ വനിതജീവനക്കാരെ നിയമിക്കാനാകുന്നില്ല. ഇതുകാരണം സംശയിക്കുന്ന സ്ത്രീകളെ വേണ്ടവിധം പരിശോധിക്കാനുള്ള പ്രയോഗിക ബുദ്ധിമുട്ടുണ്ട്. ഈ കുറവുകൾ ലഹരിമാഫിയ ശരിക്കും മുതലാക്കുന്നുണ്ട്.
ചരക്ക് വാഹനങ്ങളിൽ ഒളിപ്പിച്ചുകൊണ്ടുവരുന്ന ലഹരിവസ്തുക്കൾ കണ്ടെത്താനുള്ള സൗകര്യവും ഇവിടെയില്ല. മഴയായാലും വെയിലായാലും വാഹനങ്ങൾ പാതയോരത്ത് നിർത്തി പേരിന് പരിശോധിച്ച് ലഹരി ഉൽപന്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കി കടത്തിവിടുകയാണ്.
പരിശോധനക്ക് സൗകര്യം ലഭിക്കുന്ന ബസുകളടക്കം യാത്രാവാഹനങ്ങളിൽ കൊണ്ടുവരുന്ന ലഹരിവസ്തുക്കൾ വല്ലപ്പോഴും പിടികൂടി കൃത്യനിർവഹണം പൂർത്തിയാക്കേണ്ട അവസ്ഥയിലാണ് ഉദ്യോഗസ്ഥർ. നിർത്താതെ പോകുന്ന വാഹനങ്ങൾ പിന്തുടർന്ന് പിടികൂടാനുണ്ടായിരുന്ന വാഹനം ഇല്ലാതായതോടെ ഇത്തരം പരിശോധനയും നടക്കുന്നില്ല. ദേശീയപാതയായതിനാൽ എല്ലായ്പ്പോഴും ബാരിക്കേഡ് താഴ്ത്തിയിട്ട് വാഹനങ്ങൾ പരിശോധിക്കാൻ കഴിയില്ല. ഇത് മുതലാക്കി ജീവനക്കാർ കൈകാണിച്ചാലും നിർത്താതെ പോകുന്ന വാഹനങ്ങൾ നിരവധിയാണ്.
സൗകര്യം ഉണ്ടെങ്കിലും സർക്കാർ പരിഗണിക്കുന്നില്ല
അതിർത്തിയിലെ എക്സൈസ് ചെക്പോസ്റ്റ് പരിശോധന കുറ്റമറ്റതാക്കി കേരളത്തിലേക്കുള്ള ലഹരികടത്ത് തടയാനുള്ള എല്ലാ സംവിധാനങ്ങളും ആര്യങ്കാവിൽ നിലവിലുണ്ട്. എന്നാൽ, സർക്കാർ ഇതിന് തയാറാകുന്നില്ലെന്നാണ് ആക്ഷേപം. നിലവിലെ ചെക്പോസ്റ്റിന് സമീപം മോട്ടോർ വെഹിക്കിളിന്റെ അടച്ചുപൂട്ടിയ ചെക്പോസ്റ്റ് കെട്ടിടവും മറ്റ് സൗകര്യങ്ങളുമുണ്ട്.
കൂടാതെ ജങ്ഷനിൽ മുമ്പ് പ്രവർച്ചിരുന്ന വാണിജ്യനികുതി വകുപ്പിന്റെ കെട്ടിടസൗകര്യവും ഒഴിഞ്ഞുകിടക്കുന്നു. ഇവിടങ്ങളിലേക്ക് എക്സൈസ് ചെക്പോസ്റ്റ് മാറ്റി ജീവനക്കാർക്ക് മതിയായ സൗകര്യം ഒരുക്കി അതിർത്തിയിലെ പരിശോധന കർശനമാക്കിയാലേ ഇതുവഴിയുള്ള ലഹരി കടത്ത് നിയന്ത്രിക്കാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

