എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsഅൽത്താഫ്
കുണ്ടറ: എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിലായി. കൊല്ലം വടക്കേവിള കൂട്ടാത്തുവിള ഭാഗത്ത് അൽത്താഫ് മൻസിലിൽ നിന്ന് ഇളമ്പള്ളൂർ പെരുമ്പുഴ മുകളുവിള വീട്ടിൽ താമസിക്കുന്ന അൽത്താഫ് ആണ് അഞ്ച് ഗ്രാം എം.ഡി.എം.എയു മായി കുണ്ടറ പൊലീസിന്റെ പിടിയിലായത്.
ഇളമ്പള്ളൂർ ക്ഷേത്രത്തിനു സമീപത്തു നിന്നുമാണ് ഇയാൾ പിടിയിലായത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന സാഹചര്യത്തിൽ പ്രദേശത്ത് മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചുവരികയായിരുന്ന പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അൽത്താഫ് കിളികൊല്ലൂർ സ്റ്റേഷനിൽ ഒരാളെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ചതിനും പൊലീസിനെ ആക്രമിച്ചതിനുമുള്ള കേസുകളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. എസ്.എച്ച്.ഒ ആർ. രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ദീപു പിള്ള, അംബ്രിഷ്, എസ്.സി.പി.ഒമാരായ അനീഷ്, അജിത് കുമാർ, സി.പി.ഒമാരായ മെൽവിൻ, ദിനീഷ്, ജിനു കോശി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

