ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടര വര്‍ഷം: കുണ്ടറ പകല്‍വീട് കാടുകയറുന്നു
text_fieldsകുണ്ടറ പഞ്ചായത്ത് പകല്‍വീട് കാടുകയറിയ നിലയിൽ
കുണ്ടറ: 2020 സെപ്റ്റംബര്‍ എട്ടിന് അന്നത്തെ മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്ത കുണ്ടറ പഞ്ചായത്ത് പരിഹാരക്കോട് കോളനിയിലെ പകല്‍വീട് തിരിഞ്ഞുനോക്കാനാളില്ലാതെ കാടുകയറി നശിക്കുന്നു. സംസ്ഥാന ഹൗസിങ് ബോര്‍ഡിന്റെ കൊല്ലം ഡിവിഷന് ഓഫിസിന്റെ ചുമതലയിലാണ് കെട്ടിടനിര്‍മാണം നടത്തിയത്.
നിർമാണം പൂര്‍ത്തിയാക്കിയില്ല. ചുറ്റുമതിലും അനുബന്ധ പ്രവൃത്തികളും ചെയ്തില്ല. വൈദ്യുതി കണക്ഷന് ഇതുവരെയും എടുത്തിട്ടില്ല. ഇവിടേക്ക് വാങ്ങിയ ടി.വി ഉള്‍പ്പെടെ ഉപകരണങ്ങള്‍ പഞ്ചായത്ത് മറ്റെവിടെയോ സൂക്ഷിച്ചിരിക്കുകയാണ്. ഇവ ഇപ്പോൾ ഉപയോഗപ്രദമാണോ എന്നുപോലും നിശ്ചയമില്ല.
പകല്‍വീട് തുറന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രദേശവാസികള്‍ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഭരണകക്ഷിയായ സി.പി.ഐ പകല്‍വീട് തുറക്കണമെന്നാവശ്യപ്പെട്ട് പരസ്യമായി രംഗത്ത് വന്നിരുന്നു. കുണ്ടറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം. ഗോപാലകൃഷ്ണന് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തുകയും പഞ്ചായത്തിന് പരാതി നൽകുകയും ചെയ്തിരുന്നു.

