യുവാവ് വെട്ടേറ്റ് മരിച്ച സംഭവം: പ്രതികളെക്കുറിച്ച് സൂചനയില്ല
text_fieldsകുണ്ടറ: വീടിനുള്ളിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. ഭാര്യയുമായി പിരിഞ്ഞ് ഒറ്റക്ക് താമസിക്കുകയായിരുന്ന കേരളപുരം പെനിയേൽ സ്കൂളിന് സമീപം കോട്ടൂർവീട്ടിൽ സുനിൽകുമാറാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ബഹളംകേട്ട് ഓടിയെത്തിയ അയൽവാസിയാണ് മുറിവേറ്റ് ചോര വാർന്ന നിലയിൽ സുനിൽകുമാറിനെ കണ്ടത്.
താൻ എത്തുമ്പോൾ വീട്ടിൽ നിന്ന് നാലുപേർ ഇറങ്ങിയോടിയെന്ന് അയൽവാസി പൊലീസിന് മൊഴിനൽകി. വെട്ടേറ്റ സുനിൽകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലും മുതുകിലും മാരകമായി വെട്ടേറ്റിട്ടുണ്ട്. കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി. പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

