ലോക്കപ്പിൽ നിന്ന് ചാടിയ യുവാവ് പിടിയിൽ
text_fieldsവൈജേഷ്
കുണ്ടറ: പൊലീസ് ലോക്കപ്പില്‍ നിന്ന് ചാടിപ്പോയ യുവാവിനെ ഒരാഴ്ചത്തെ തെരച്ചിലിനൊടുവില്‍ കുണ്ടറ പൊലീസ് പിടികൂടി. സാരഥി ജംഗ്ഷന് സമീപത്ത് നിന്നാണ് വൈജേഷിനെ പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് സംഘം കീഴ്പ്പെടുത്തിയാണ് കസ്റ്റഡിയിലെടുത്തത്. ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ നിന്ന് പ്രതി ഓടി രക്ഷപ്പെട്ടത്.
മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത എഴുകോണ്‍ പുത്തന്‍നട സ്വദേശി വൈജേഷ്(23) ആണ് കരുതല്‍ തടങ്കലില്‍ നിന്ന് ചാടി പോയത്. ലോക്കപ്പ് തുറന്ന് ഇറങ്ങി ഓടുകയായിരുന്നു. കഴിഞ്ഞയാഴ്ച നാന്തിരിക്കലെ വീട്ടില്‍ നിന്ന് വയറിങ് സാമഗ്രികള്‍ മോഷ്ടിച്ചകേസിലാണ് ഇയാളെ പിടികൂടിയത്. പൊലിസിനൊപ്പം വയറിങ് സാമഗ്രികള്‍ നഷ്ടപ്പെട്ട വീട്ടുകാരും സ്വന്തം നിലയില്‍ നടത്തിയ അന്വേഷണമാണ് വൈജേഷിന് കുരുക്കായത്. നാന്തിരിക്കലിലെ പവര്‍ ടൂള്‍സ്കടയില്‍ നിന്നു വയറിങ്, പ്ലബിംഗ് സാമഗ്രികള്‍ മുറിക്കുന്ന ഉപകരണങ്ങള്‍ വൈജേഷ് വാടകക്കെടുത്തതായി അറിഞ്ഞു. ചൊവ്വാഴ്ച രാത്രി ഇവ തിരിച്ചു കൊടുക്കാന്‍ വൈജേഷ് എത്തിയപ്പോള്‍ വീട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വൈജേഷിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് ശേഷമാണ് കുണ്ടറ സ്റ്റേഷനില്‍ എത്തിച്ചത്.
വൈജേഷിനെ ലോക്കപ്പില്‍ അടച്ചെങ്കിലും പൂട്ടാന്‍ പൊലീസുകാര്‍ മറന്നുപോയി. പുലര്‍ച്ചെ 1.30ഓടെ പാറാവുകാരന്റെ കണ്ണ് വെട്ടിച്ച് വൈജേഷ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ലോക്കപ്പ് ചാട്ടം പൊലീസിന് നാണക്കേടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

