മുന്നറിയിപ്പില്ലാതെ കെ.ഐ.പി കനാല്‍ തുറന്നു; മുപ്പതോളം വീടുകളില്‍ വെള്ളം കയറി
text_fieldsകെ.ഐ.പി കനാല്‍ തുറന്നതിനെതുടർന്ന് ഇളമ്പള്ളൂര്‍ പുന്നമുക്ക് വാര്‍ഡില്‍ വീടുകളിൽ വെള്ളം കയറിയപ്പോൾ
കുണ്ടറ: മുന്നറിയിപ്പില്ലാതെ കെ.ഐ.പി കനാല്‍ തുറന്നതോടെ മുപ്പതോളം വീടുകളില്‍ വെള്ളം കയറി. ഇളമ്പള്ളൂര്‍ പഞ്ചായത്ത് പുന്നമുക്ക് മൂന്നാം വാര്‍ഡില്‍ പെരുമ്പുഴ അറ്റോണ്‍മെന്റ് ആശുപത്രിക്കും മാടന്കാവിനും സമീപത്തെ വീടുകളിലാണ് വെള്ളം കയറിയത്.
ശനിയാഴ്ച രാവിലെ 11നാണ് മുന്നറിയിപ്പില്ലാതെ കനാല്‍ തുറന്നുവിട്ടത്. ഇതുമൂലം വെള്ളം കവിഞ്ഞൊഴുകി വീടുകള്‍ക്ക് മുകളിലൂടെ വീഴുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. വാര്‍ഡ് മെംബര്‍ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും സ്ഥലത്തെത്തുകയും കനാല്‍ വേഗം അടക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, രാത്രിയായിട്ടും കനാല്‍ അടക്കാന്‍ അധികൃതര്‍ നടപടിയെടുത്തില്ല.
ഉച്ചയോടെ നീരൊഴുക്ക് കുറഞ്ഞിരുന്നു. എന്നാല്‍, ശനിയാഴ്ച രാത്രി ഏഴ് മണിയോടെ വെള്ളത്തിന്റെ നീരൊഴുക്ക് കൂടുകയും കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളമെത്തുകയും ചെയ്തു. ഇതോടെ ജനം ഭീതിയിലായി. അധികൃതരെ ബന്ധപ്പെട്ടിട്ടും അടിയന്തര നടപടിയൊന്നും എടുത്തില്ലെന്ന് വാര്‍ഡ് മെംബര്‍ എസ്.ഡി. അഭിലാഷ് പറഞ്ഞു.

