കാപ്പ: യുവാവ് അറസ്റ്റില്‍
text_fieldsലിബിന് ലോറന്‍സ്
കുണ്ടറ: ഗുണ്ടയായ കരിക്കുഴി സ്വദേശിയെ കാപ്പ നിയമം പ്രകാരം അറസ്റ്റ് ചെയ്തു. പേരയം കരിക്കുഴി ലിന്‍സി ഭവനില്‍ ലിബിന് ലോറന്‍സാണ് (28) അറസ്റ്റിലായത്. 2021ല്‍ വയോധികയായ സ്ത്രീയെ അപമാനിച്ചതിനും ഇവരുടെ മകനെ ആക്രമിച്ചതിനും ഭവനഭേദനത്തിനും ആയുധനിയമ പ്രകാരവും കേസെടുത്തിരുന്നു.
2022ല്‍ കിഴക്കേ കല്ലട സ്റ്റേഷന് പരിധിയിലുള്ള ബാറില്‍ അടിപിടി നടത്തിയതിനു ഗുണ്ട ആന്റണി ദാസിനും ലിയോ പ്ലാസിഡിനും ഒപ്പം വധശ്രമക്കേസില്‍ ജയിലിലായിരുന്നു. കസ്റ്റഡിയില്‍ പാര്‍പ്പിക്കവേ വനിതാ പൊലീസിനോട് അപമര്യാദയായി പെരുമാറിയതിന് കിഴക്കേ കല്ലട സ്റ്റേഷനില്‍ കേസെടുത്തിരുന്നു.
2023ല്‍ മയക്കുമരുന്ന് കച്ചവടക്കാരുമായുള്ള ഇടപാടിനെ തുടര്‍ന്ന് യുവാവിനെ എറണാകുളം ഇന്‍ഫോപാര്‍ക്കിന് സമീപത്തുനിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുകയും കുണ്ടറയിലും തുടര്‍ന്ന് അടൂര്‍ ഗെസ്റ്റ് ഹൗസിലും വെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചകുറ്റത്തിന് എറണാകുളം ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലെ കേസിലെ പ്രതിയാണ്.
ലിബിന്റെ സഹകുറ്റവാളികളായ ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവര്‍ക്കെതിരെ കാപ്പ ചുമത്തി കുണ്ടറ പൊലീസ് സ്റ്റേഷനില്‍നിന്ന് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ഒരു മാസത്തിനിടെ ആറാമത്തെ ആള്‍ക്കാണ് ഗുണ്ടാ ആക്ട് പ്രകാരം കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നടപടിയെടുത്തത്. കഴിഞ്ഞ ആഴ്ച ആന്റണി ദാസ്, ചെങ്കീരി ഷൈജു, ലിയോ പ്ലാസിഡ്, സംഗീത് ലൂയിസ് എന്നിവരെ കരുതല്‍ തടങ്കലിലാക്കുകയും ജിതിന് ജോണ്‍ എന്നയാളെ ആറു മാസത്തേക്ക് നാടുകടത്തുകയും ചെയ്തിരുന്നു.