വീട്ടമ്മയെ കഴുത്തിൽ ഷാൾ മുറുക്കികൊന്ന കേസിൽ പ്രതി റിമാൻറിൽ
text_fieldsരാധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ലാൽ കുമാർ
കുണ്ടറ: വീട്ടമ്മയെ കഴുത്തിൽ ഷാൾ മുറുക്കികൊന്ന കേസിൽ സഹോദരി ഭർത്താവിനെ റിമാന്റ് ചെയ്തു. പേരയം മമത നഗർ ഷീബ ഭവനിൽ രാധിക (52)യാണ് കൊല്ലപ്പെട്ടത്. രാധികയുടെ സഹോദരി ഷീബയുടെ ഭർത്താവ് ലാൽ കുമാർ (50) ആണ് റിമാന്റിലായത്.
ശനിയാഴ്ച വൈകിട്ട് 6.30 നാണ് സംഭവം. ഭർത്താവ് ഉപേക്ഷിച്ച രാധിക കഴിഞ്ഞദിവസം പ്രവീൺ കുമാർ എന്നയാളെ വിവാഹം ചെയ്തിരുന്നു. സംഭവദിവസം ഷീബയെ വീട്ടിൽ കയറി മർദ്ദിച്ചെന്ന കേസിൽ പ്രവീൺ കുമാറിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.
രാധികയുടെ പേരിലുള്ള വീട്ടിലാണ് ഷീബയും ഭർത്താവ് ലാൽ കുമാറും താമസിക്കുന്നത്. ഷീബയും ഭർത്താവും വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് രാധിക ആവശ്യപ്പെട്ടിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷീബയും മാതാവും വീട്ടിലില്ലാതിരുന്ന സമയത്താണ് ലാൽ കുമാർ കൊലപാതകം നടത്തിയത്.

