ആളുമാറി ഗൃഹനാഥനെ ആക്രമിച്ച സംഭവം; മൂന്നുപേര്‍ പിടിയില്‍
text_fieldsകുണ്ടറ: കേരളപുരത്ത് ആളുമാറി ഗൃഹനാഥനെ മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. കേരളപുരം കോളശേരി കോളനി ബി.ജെ നിവാസിൽ ജിഷ്ണു, വാളത്തുങ്കല്‍ മനക്കര വയല്‍ വീട്ടിൽ ബിജു, വാളത്തുങ്കല്‍ കോട്ടുവാ തെക്കതില്‍ ഷീജ നിവാസിൽ ഷിബു എന്നിവരാണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്.
ചൊവാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. യുവാവിനെ മർദിക്കാനെത്തിയ ഗുണ്ടകള്‍ വീട് മാറി അയല്‍വാസിയായ ഷാഹുല്‍ ഹമീദിനെ മര്‍ദിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ഷാഹുല്‍ ഹമീദിനെ കുണ്ടറ താലൂക്കാശുപത്രിയിലും തുടര്‍ന്ന് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാളുടെ ഭാര്യ സുല്‍ബത് ബീവി, മകന് സനോഫര്‍ എന്നിവര്‍ ഈസമയം വീട്ടിലുണ്ടായിരുന്നു. വീട്ടുപകരണങ്ങളും അക്രമിസംഘം തല്ലിത്തകര്‍ത്തു.
പിതാവിനെ ഗുണ്ടകള്‍ മർദിക്കുന്നത് കണ്ട് മകന് സനോഫര്‍ കുഴഞ്ഞുവീണു. കോളശേരി സ്വദേശി ജിഷ്ണുവും സമീപവാസി സനോജും തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
29ന് രാത്രിയില്‍ ജിഷ്ണു സനോജിന്റെ വീട്ടിലെത്തി ആക്രമിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിനെതിരെ സനോജ് കുണ്ടറ സ്റ്റേഷനില്‍ പരാതി നല്‍കിയശേഷം തിരികെ എത്തി സനോജിനെയും ഭാര്യയെയും ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ആക്രമണം ഭയന്ന് സനോജ് കുടുംബസമേതം ഭാര്യാസഹോദരന്‍ ഷിബുവിന്റെ വീട്ടിലേക്ക് മാറിതാമസിക്കുകയായിരുന്നു.
ഇതറിഞ്ഞ ജിഷ്ണുവും സംഘവും ഷിബുവിനെ മർദിക്കാനെത്തിയപ്പോഴാണ് വീട് മാറി കയറി ഷാഹുല്‍ ഹമീദിനെ മർദിച്ചത്. കുണ്ടറ എസ്.ഐ ആനന്ദ് കൃഷ്ണന്റെ നേതൃത്വത്തില്‍ സി.പി.ഒമാരായ അന്‍സാര്‍, സുനില്‍ ലാല്‍, അരുണ്‍ രാജ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

