കാട്ടുപോത്തുകളെ ഭയന്ന് കൃഷിയിടത്തിലിറങ്ങാനാവാതെ കര്‍ഷകര്‍
text_fieldsകഴിഞ്ഞ ദിവസം വില്ലുമലയിലെ കൃഷിയിടത്തിലെത്തിയ കാട്ടുപോത്ത്
കുളത്തൂപ്പുഴ: കാടിറങ്ങിയെത്തുന്ന കാട്ടുപോത്തുകള്‍ കൃഷിയിടത്തിലും സമീപ പ്രദേശങ്ങളിലും നിലയുറപ്പിച്ചതോടെ സ്വസ്ഥമായി കൃഷിയിടത്തിലിറങ്ങി ജോലിയെടുക്കാന്‍ ഭയന്ന് കര്‍ഷകര്‍. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ വില്ലുമല, പതിനാറേക്കര്‍ മേഖലയിലാണ് കാട്ടുപോത്തുകള്‍ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നിരന്തരം ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും കടന്നെത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ വില്ലുമല നോര്‍ത്ത് പ്രദേശത്ത് വിജയമ്മയുടെ കൃഷിയിടത്തിലെത്തിയ കാട്ടുപോത്തുകള്‍ മണിക്കൂറുകളോളം പ്രദേശത്ത് നിലയുറപ്പിച്ചു. കൃഷിയിടത്തിലുണ്ടായിരുന്ന ഉടമയും സഹായിയും ദൂരേക്ക് മാറി നിന്നു. പോത്തുകള്‍ മടങ്ങിയശേഷമാണ് ഇവർ ജോലി ചെയ്യാനെത്തിയത്. ഇതിനിടെ കൃഷിയിടത്തിലെ വാഴക്കന്നുകളും ചെറു കൃഷികളും നശിപ്പിച്ചു.
ദിവസങ്ങളായി പത്തോളം കാട്ടുപോത്തുകളെ സമീപത്തെ വനത്തില്‍ കണ്ടിരുന്നെങ്കിലും കൃഷിയിടത്തിലേക്ക് ഇറങ്ങിയിരുന്നില്ല. ഇപ്പോള്‍ ഇവ കൂട്ടമായി എത്തുന്നതിനാല്‍ കൃഷിയിടത്തില്‍ പണിയെടുക്കാന്‍ ഭയമാണെന്ന് കര്‍ഷകര്‍ പറയുന്നു. കുളത്തൂപ്പുഴ ടൗണിനു സമീപം പതിനാറേക്കര്‍ വനം കടന്ന് അയ്യന്‍പിള്ള വളവിനു സമീപത്തെ പുരയിടത്തില്‍ ദിവസേനയെത്തുന്ന കാട്ടുപോത്തുകളെ ഭയന്ന് പരിസര വാസികള്‍ ഇപ്പോള്‍ രാത്രിയില്‍ പുറത്തിറങ്ങുന്നില്ലെന്നും എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഓട്ടോ-ടാക്സി പോലും പ്രദേശത്തേക്ക് വരാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു. ജനവാസ മേഖലയിലേക്ക് കാട്ടുമൃഗങ്ങള്‍ കടന്നെത്താതിരിക്കാനുള്ള സംവിധാനമൊരുക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

