കുളത്തൂപ്പുഴ: അരിപ്പ പുറമ്പോക്ക് നിവാസികള്‍ക്ക് കൈവശ ഭൂമിക്ക് പട്ടയം നൽകാനുള്ള നീക്കത്തിനെതിരെ പൊതുമരാമത്ത് ഉന്നയിച്ച തടസ്സങ്ങള്‍ പരിശോധിക്കാന്‍ റവന്യൂ സംഘം അരിപ്പയില്‍ വീണ്ടും സ്ഥല പരിശോധന നടത്തി.
വർഷങ്ങളായി അരിപ്പ പഴയ റോഡു പുറമ്പോക്കിലെ താമസക്കാരായ കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ചു നല്കുന്നതിനു വനം വകുപ്പിന് എതിര്‍പ്പില്ലെന്ന നിലയില്‍ അനുമതി ലഭിച്ചതിന് പിന്നാലെ നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ട് നീങ്ങവേയാണ് തടസ്സവാദവുമായി പൊതുമരാമത്ത് രംഗത്തെത്തിയത്.
മലയോര ഹൈവേയുടെ ഓരത്തായി താമസിക്കുന്നവര്‍ക്ക് പൊതുമരാമത്ത് ഭൂമി വിട്ടു നല്കേണ്ടതിെല്ലന്ന മരാമത്ത് വിഭാഗത്തിെൻറ നിലപാടാണ് ഇപ്പോള്‍ വിനയായത്. ഭാവിയില്‍ റോഡു വികസനമെത്തുമ്പോള്‍ പ്രശ്നമാകാമെന്ന കാഴ്ചപ്പാടാണ് മരാമത്ത് വിഭാഗം പങ്കു വെക്കുന്നത്. എന്നാല്‍, വര്‍ഷങ്ങളായി പട്ടയത്തിനായി കാത്തിരിക്കുന്ന 33 കുടുംബങ്ങളില്‍ നാലുപേര്‍ക്ക് മാത്രമാണ് ഈ ഉത്തരവുപ്രകാരം പട്ടയം അനുവദിക്കാന്‍ തടസ്സം നേരിടുന്നത്.
അതിനാല്‍ ബാക്കിയുള്ളവര്‍ക്ക് പട്ടയം നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. ജില്ല പഞ്ചായത്ത് അംഗം കെ. അനില്‍ കുമാര്‍, പുനലൂര്‍ തഹസില്‍ദാര്‍ കെ. സുരേഷ്, എല്‍.ആര്. ഡെപ്യൂട്ടി തഹസില്‍ദാര്‍ വിനോദ്, വില്ലേജ് അസിസ്റ്റൻറ് അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.