അരിപ്പ ഭൂസമരക്കാരുടെ ചിരകാല സ്വപ്നം പൂവണിയുന്നു: കുടിൽകെട്ടിയവര്‍ക്കെല്ലാം ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ നടപടി
text_fieldsഫയൽചിത്രം
കുളത്തൂപ്പുഴ: തലചായ്ക്കാന്‍ ഒരിടമെന്ന അവകാശവാദവുമായി അരിപ്പ സര്‍ക്കാര്‍ ഭൂമി കൈയേറി ഭൂസമരം ആരംഭിച്ച കുടുംബങ്ങള്‍ക്കെല്ലാം ഭൂമി പതിച്ച് നല്‍കാന്‍ സര്‍ക്കാര്‍ അനുമതിയായി. ഭൂരഹിതരില്ലാത്ത പൂനലൂര്‍ പദ്ധതി പ്രകാരം പുനലൂര്‍ മണ്ഡലത്തിലെ ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് ചൊവ്വാഴ്ച രാവിലെ 11.30ന് കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി മൈതാനിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മന്ത്രി കെ. രാജന്‍ പട്ടയം വിതരണം ചെയ്യുന്നതോടെയാണ് ഒന്നര പതിറ്റാണ്ടു നീണ്ട അരിപ്പ ഭൂസമരക്കാരുടെ ഭൂമി പ്രശ്നത്തിന് പരിഹാരമാകുന്നത്. പി.എസ്. സുപാല്‍ എം.എല്‍.എയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാറിന്‍റെ ഇപ്പോഴത്തെ നടപടി.
ഭൂസമരം ആരംഭിച്ച തിങ്കള്‍കരിക്കം വില്ലേജിലെ ചോഴിയക്കോട് അരിപ്പയിലെ സര്‍ക്കാര്‍ ഭൂമിയില്‍ സർവേ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് പട്ടയം അനുവദിച്ച് വിതരണത്തിനൊരുങ്ങുന്നത്. ഇതിനു മുന്നോടിയായി ഫ്ലോട്ടുകള്‍ തിരിച്ച് നമ്പറിട്ട് അടയാളപ്പെടുത്തി നറുക്കെടുപ്പിലൂടെയാണ് ഭൂവിതരണത്തിന് പട്ടയം അനുവദിച്ചത്.
പൊതു ആവശ്യങ്ങള്‍ക്ക് മാറ്റിയിട്ടശേഷം 293 ഫ്ലോട്ടുകള്‍ തിരിച്ചാണ് ഭൂമി അനുവദിച്ചിട്ടുള്ളത്. 23 പട്ടികവര്‍ഗകുടുംബങ്ങള്‍ക്ക് 20 സെന്‍റ് പുരയിടവും 10 സെന്‍റ് നിലവും, 212 പട്ടികജാതി വിഭാഗങ്ങള്‍ക്ക് 12 സെന്‍റും, 81 മറ്റ് വിഭാഗങ്ങള്‍ക്ക് 10 സെന്‍റ് ഭൂമി വീതവുമാണ് വിതരണത്തിനൊരുങ്ങിയിട്ടുള്ളത്. വനം വകുപ്പിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയിട്ടിരുന്ന എം.ആര്‍ സ്കൂളിന് സമീപത്തെ ഭൂമിയിലും സർവേ നടപടി പൂര്‍ത്തിയാക്കി വിതരണം നടത്തുന്നുണ്ട്. ഇവിടെ കുടില്‍ കെട്ടി സമരം ചെയ്യുന്നവര്‍ക്കും അവിടെ തന്നെ ഭൂമി നല്‍കുന്നുണ്ട്.
അതേസമയം, നറുക്ക് വീണ പലരും സ്വന്തം കുടിലുകള്‍ക്ക് പുറത്തായിട്ടുള്ളത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. കുന്നും മലയും ശവപ്പറമ്പുമാണ് കിട്ടിയതെന്നാണ് ഇവരുടെ ആരോപണം. ഇതോടെ കാലങ്ങളായി ഭൂമിക്കുവേണ്ടി സമരം ചെയ്യുന്നവര്‍ കബളിപ്പിക്കപ്പെട്ടന്ന ആക്ഷേപവുമായി ചിലര്‍ രംഗത്ത് വന്നിട്ടുമുണ്ട്. സമരത്തില്‍ ഒരിക്കല്‍ പോലും പങ്കെടുക്കാത്തവര്‍ക്ക് വരെ നേതാക്കള്‍ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഭൂമിപതിച്ച് നല്‍കി നേട്ടം കൈവരിച്ചതായും മറ്റുവില്ലേജുകളില്‍ ഭൂമിയുള്ള അനര്‍ഹരായവര്‍ക്കും ഭൂമി നല്‍കിയതായും ആരോപിച്ചാണ് ഒരുകൂട്ടരുടെ പ്രതിഷേധം. അതേസമയം, നടപടികള്‍ പൂര്‍ത്തിയാക്കിയാണ് പട്ടയവിതരണം നടത്തുന്നതെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.
അരിപ്പ ഭൂസമരം: നേതാക്കള്‍ ചൂഷണം ചെയ്യുകയായിരുെന്നന്ന് സമരക്കാര്‍
കുളത്തൂപ്പുഴ: പതിനാലു വര്‍ഷം നീണ്ട അരിപ്പ ഭൂസമരം ഭൂമി നല്‍കി സര്‍ക്കാര്‍ രമ്യമായി പരിഹരിക്കുമ്പോള്‍ സന്തോഷത്തോടൊപ്പം ഇക്കാലമത്രയും ഭൂസമര സമിതി നേതാക്കളില്‍ നിന്നും പീഡനങ്ങളും അക്രമങ്ങളും അനുഭവിക്കേണ്ടി വന്നതായി ആക്ഷേപമുയർത്തി സമരഭൂമി നിവാസികൾ. പട്ടയ വിതരണ ചടങ്ങിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് തങ്ങളോരോരുത്തരും ഓരോ തുണ്ട് ഭൂമികളുടെ ആവകാശികളായി മാറുന്ന സന്തോഷം സമരക്കാര്‍ പങ്കുവെച്ചു.
സമരം ആരംഭിച്ച നാള്‍ മുതല്‍ സമരഭൂമിയിലെ ഓരോ കുടുംബങ്ങളും ജോലിയില്ലെങ്കിലും പട്ടിണിയായാലും സമരസമിതി നേതാക്കള്‍ ആവശ്യപ്പെടുന്ന തുക ഓരോ മാസവും നല്‍കേണ്ടി വന്നിരുന്നതായി അവർ ആരോപിച്ചു. അങ്ങനെ നല്‍കാന്‍ തയാറാകാത്തവരെ സമര ഭൂമിയില്‍ നിന്നും ബലമായി ഒഴിവാക്കിയ സംഭവങ്ങളുമുണ്ട്. മൂന്നു വര്‍ഷം മുമ്പു മുതലാണ് സമരഭൂമിയിലെ റബര്‍ മരങ്ങള്‍ ടാപ്പ് ചെയ്യുന്നതിന് സമര നേതാക്കള്‍ അനുമതി നല്‍കിയത്. ഓരോ കുടുംബത്തിനും 15 മരങ്ങള്‍ വീതം നല്‍കുകയും ആഴ്ചയില്‍ ഓരോ ഷീറ്റ് വീതം സമര നേതാവിന് നല്‍കണമെന്നുമായിരുന്നു കരാര്‍.
ഇതിനിടെ നാലുവര്‍ഷം മുമ്പ് സര്‍ക്കാര്‍ ഭൂമി നല്‍കാമെന്ന വാഗ്ദാനവുമായി കലക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കവെ ഒത്തുതീര്‍പ്പിന് തങ്ങള്‍ തയാറല്ലെന്നറിയിച്ച് സമര സമിതി നേതാവ് ഏകപക്ഷീയമായി ഇറങ്ങിപ്പോവുകയും ചര്‍ച്ച അലസുകയുമായിരുന്നു. അന്ന് ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ സമരം വര്‍ഷങ്ങള്‍ക്ക് മുമ്പേ പരിഹരിക്കപ്പെടുകയും തങ്ങള്‍ക്ക് ഇത്രയുംകാലം സമര നേതാക്കള്‍ക്ക് പണം നല്‍കേണ്ടിയും വരില്ലായിരുന്നുവെന്ന് അരിപ്പ ഭൂസമരക്കാരായ റംലാബീവി, ബിനു, സുനിത എന്നിവര്‍ പറഞ്ഞു. പ്രാദേശികനേതാവ് സുബൈര്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി സൈഫുദ്ദീന്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി അജിമോന്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

