ലക്ഷങ്ങൾ മുടക്കിയ വൻധൻ കേന്ദ്രം നോക്കുകുത്തിയായി
text_fieldsവില്ലുമലയിൽ മാസങ്ങളായി അടച്ചിട്ടിരിക്കുന്ന വനം വകുപ്പ് വൻധൻ കേന്ദ്രം
കുളത്തൂപ്പുഴ: വനംവകുപ്പ് വില്ലുമലയിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച വൻധൻ കേന്ദ്രം പ്രവർത്തനമില്ലാതായിട്ട് മാസങ്ങൾ പിന്നിട്ടു. നിർമാണശേഷം ദിവസങ്ങൾ മാത്രം പ്രവർത്തിച്ച കേന്ദ്രത്തിൽ സ്ഥാപിച്ചിരുന്ന യന്ത്രങ്ങളിൽ പലതും ഉപയോഗിക്കാതിരുന്നതിനാൽ പ്രവർത്തന സജ്ജമല്ലാതായി മാറിയ നിലയിലെന്ന് സൂചന.
തെൻമല വനം റെയിഞ്ചിൽ കുളത്തൂപ്പുഴ കല്ലുവരമ്പ് സെക്ഷനിൽ വില്ലുമല വന സംരക്ഷണ സമിതി നേതൃത്വത്തിൽ വനവിഭവങ്ങൾ ശേഖരിച്ച് സംസ്കരിച്ച് മൂല്യ വർധിത ഉൽപന്നങ്ങളാക്കി വിൽക്കുന്നതിനും വനം വകുപ്പിന്റെ വനശ്രീ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യുന്നതിനുമായി അമ്പതേക്കർ കേന്ദ്രമാക്കി നിർമിച്ച വൻധൻ കേന്ദ്രമാണ് പ്രവർത്തനമില്ലാതെ മാസങ്ങളായി അടച്ചിട്ടതോടെ യന്ത്രങ്ങളും മറ്റും പ്രവർത്തന സജ്ജമല്ലാതായി മാറിയത്.
പ്രാദേശികമായി ആദിവാസി സങ്കേതത്തിൽ കൃഷി ചെയ്ത് എത്തിക്കുന്ന മഞ്ഞൾ, ഇഞ്ചി ഉണക്കിപ്പൊടിച്ച് പായ്ക്കറ്റിലാക്കുന്നതിനാവശ്യമായ യന്ത്രകൾ, വനത്തിൽ നിന്ന് ശേഖരിക്കുന്ന തേൻ ശുദ്ധീകരിച്ച് സംസ്കരിക്കുന്ന യന്ത്രം തുടങ്ങിയവയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ തുറന്നുനോക്കിയപ്പോഴാണ് കേന്ദ്രത്തിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കിയത്. ഓരോ വർഷവും പ്രവർത്തന റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് സമർപ്പിച്ച് അംഗീകാരം നേടിയെങ്കിൽ മാത്രമേ അടുത്ത വർഷത്തെ പ്രവർത്തന മൂലധനം ലഭിക്കുകയുള്ളൂ എന്നിരിക്കെ നിലവിൽ അറ്റകുറ്റപ്പണികൾക്കുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

