അർധരാത്രി കാട്ടുതീ പടര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി
text_fieldsകുളത്തൂപ്പുഴ പതിനാറേക്കറില്‍ ജനവാസ മേഖലയോട് ചേര്‍ന്നുള്ള വനത്തില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചപ്പോള്‍
കുളത്തൂപ്പുഴ: അർധരാത്രിയില്‍ കാട്ടുതീ ജനവാസമേഖലയില്‍ പടര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി. നാട്ടുകാരുടെ സമയോജിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടിന് കുളത്തൂപ്പുഴ ടൗണിനോട് ചേര്‍ന്നുള്ള പതിനാറേക്കറിലെ ജനവാസ മേഖലയിലേക്കാണ് സമീപത്തെ കാട്ടില്‍നിന്ന് തീ പടര്‍ന്നത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ജെറിന് ജെയിംസ് കാട്ടുതീ പടരുന്നത് കണ്ട് കുളത്തൂപ്പുഴ പൊലീസിലും വനംവകുപ്പ് ഉദ്യോഗസ്ഥരെയും അഗ്നിശമന സേനയെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.
വീടുകള്‍ക്ക് സമീപത്തേക്ക് പടരുകയായിരുന്ന തീ നാട്ടുകാരുടെ സഹായത്തോടെ കെടുത്തുകയുംചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഞ്ചല്‍ റേഞ്ച് വനപാലകരും പൊലീസും റാപ്പിഡ് റെസ്പോണ്‍സ് ടീമും ചേര്‍ന്ന് തീ അണക്കുന്നതിന് നേതൃത്വം നല്കി. പ്രദേശത്ത് ഏക്കറുകളോളം വരുന്ന മാഞ്ചിയം പ്ലാന്റേഷനിലെ അടിക്കാടുകള്‍ പൂര്‍ണമായും കത്തി നശിച്ചു. വേനല്‍ ശക്തമായതിനാല്‍ വീടുകള്‍ക്ക് സമീപവും കൃഷിയിടങ്ങളിലുമെല്ലാം ചപ്പുചവറുകള്‍ കൂനകളാക്കി സൂക്ഷിച്ചിട്ടുള്ളതിലേക്കും വീടുകളോട് ചേര്‍ന്നുള്ള റബര്‍ പുരകളിലേക്കും തൊഴുത്തുകളിലേക്കും മറ്റും തീ പടരാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി.