പുലി ഭീതിയില്‍ ചെറുകര ഗ്രാമം; പുറത്തിറങ്ങാനാവാതെ നാട്ടുകാര്‍
text_fieldsപുലി പിടികൂടി കൊന്ന വളര്‍ത്തുനായയുടെ ജഡത്തിനരികിൽ നാട്ടുകാർ
കുളത്തൂപ്പുഴ: ആദിവാസി ഉന്നതിയിലെ കൃഷിയിടത്തിലും കോഴിഫാമിന് സമീപത്തും പുലിയെ കണ്ടതോടെ ഭീതിയില്‍ ചെറുകര ഗ്രാമം. രാത്രി പുറത്തിറങ്ങാനാവാതെ നാട്ടുകാര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ക്കിടയില്‍ അഭ്യൂഹം പടര്‍ന്നിരുന്നു.
രണ്ടുദിവസം മുമ്പ് സമീപത്തായി ബഷീറിന്‍റെ ഉടമസ്ഥതയിലുള്ള കോഴിഫാമില്‍ രാത്രിയില്‍ കോഴികളുടെ ബഹളം കേട്ടെത്തിയ അതിഥിതൊഴിലാളിയായ ജീവനക്കാരന്‍ ഒച്ചയിട്ട് ബഹളം വെച്ചതോടെ കാട്ടുമൃഗം ഓടി മറയുകയായിരുന്നു. തുടര്‍ന്ന് ഫാമിനുചുറ്റും സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പുലിക്കുട്ടിയാണെന്ന് വ്യക്തമായിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞ രാത്രിയില്‍ കൃഷിയിടത്തിലെ നായയെ പുലി ഭക്ഷണമാക്കിയത്. മീറ്ററുകള്‍ അകലെ മറ്റൊരു വീട്ടിലെ വളര്‍ത്തുനായയുടെ മുഖത്ത് പുലി മാന്തി പരിക്കേല്‍പ്പിച്ചതായും നാട്ടുകാര്‍ പറയുന്നു. ഇതോടെയാണ് പ്രദേശത്ത് പുലിയുള്ളതായി നാട്ടുകാര്‍ സ്ഥിരീകരിച്ചത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഞ്ചൽ വനം റേഞ്ച് കളംകുന്ന് സെക്ഷൻ ഫോറസ്റ്റർ ഷിബുവിന്‍റെ നേതൃത്വത്തിൽ വനപാലകരും ആർ.ആർ.ടി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
കോഴി ഫാമിലെത്തിയത് വള്ളിപ്പുലിയാകാനാണ് സാധ്യതയെന്നും എന്നാൽ കാവൽനായയെ കൊന്നത് പുലി തന്നെയാണെന്നും വനപാലകർ പ്രാഥമികമായി വിലയിരുത്തി. പ്രദേശത്ത് ഉടൻ തന്നെ വനംവകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്നും ദൃശ്യങ്ങളിലൂടെ പുലിയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷം കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുകയാണ് ലക്ഷ്യമെന്നും വനപാലകസംഘം അറിയിച്ചു.
പ്രദേശത്ത് പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ആദിവാസി ഊരുകളിലും സമീപപ്രദേശങ്ങളിലും കുട്ടികളെ കളിക്കാന്‍ വീടിനുപുറത്തേക്കിറക്കുന്നില്ല. രാത്രിയായാല്‍ മുതിര്‍ന്നവര്‍ പോലും പുറത്തിറങ്ങാൻ ഭയക്കുന്ന സാഹചര്യമാണെന്നും നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

