തെരഞ്ഞെടുപ്പ് കമീഷന്റെ സോഫ്റ്റ്വെയറിലെ തകരാറില്‍ വലഞ്ഞ് ബി.എല്‍.ഒമാര്‍
text_fieldsകുളത്തൂപ്പുഴ: സോഫ്റ്റ്വെയറിലെ തകരാറിനെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ പ്രവാസി വോട്ടറായി പേര് ചേര്‍ത്തവരുടെ വെരിഫിക്കേഷന് കീറാമുട്ടിയായി മാറുന്നതായി ബി.എല്‍.ഒമാര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവാസി വോട്ടര്‍മാര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനായി തയാറാക്കിയിട്ടുള്ള ഫോറം 6 എയില്‍ ഏതു മണ്ഡലത്തിലേക്കാണ് വോട്ട് ചേര്‍ക്കേണ്ടതെന്ന ചോദ്യമുണ്ടെങ്കിലും ഏതു ബൂത്തിലേക്കാണെന്നോ ബന്ധുക്കളുടെ വിവരങ്ങള്‍ നല്‍കുന്നതിനോ ഉള്ള സംവിധാനം ഒരുക്കിയിട്ടില്ല. അതിനാല്‍ തന്നെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനായി അപേക്ഷ നല്കുന്നവര് തങ്ങളുടെ പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ മാത്രമാണ് രേഖകളായി നല്‍കുന്നതും.
എന്നാല്‍, ഈ അപേക്ഷകള്‍ താലൂക്ക് ഇലക്ഷന് ഓഫിസില്‍ നിന്നും വെരിഫിക്കേഷനായി അയക്കുമ്പോള്‍ ഏതു ബൂത്തിലേക്കാണെന്ന് അറിയാത്തതിനാല്‍ ഏതെങ്കിലുമൊരു ബി.എല്‍.ഒക്ക് അയച്ചു കൊടുക്കുകയും അപേക്ഷയിലുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് അപേക്ഷകന് ഏതു ബൂത്ത് പരിധിയിലാണെന്ന് കണ്ടെത്തി തിരികെ അയക്കേണ്ടി വരുന്നു. ഇങ്ങനെ തിരിച്ചയക്കേണ്ടി വരുന്ന അപേക്ഷകളില്‍ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയെങ്കില്‍ മാത്രമേ തിരികെ അയക്കാന്‍ കഴിയുകയുള്ളു. അടുത്ത പഞ്ചായത്തിലെയും മറ്റേതെങ്കിലും വില്ലേജിലെയുമൊക്കെ അപേക്ഷകളാണ് തങ്ങള്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനായി എത്തുന്നതെന്നും ബി.എല്‍.ഒമാര്‍ ആരോപിക്കുന്നു.
കൂടാതെ ഇത്തരത്തില്‍ താലൂക്ക് ഇലക്ഷന് ഓഫിസിലേക്ക് തിരിച്ചയക്കുന്ന അപേക്ഷകള്‍ വീണ്ടും തങ്ങളുടെ ബൂത്തിലേക്ക് തന്നെ തിരിച്ചെത്തുന്നതായും ചിലര്‍ വ്യക്തമാക്കുന്നു. പാസ്പോര്‍ട്ടിനോടൊപ്പം ബന്ധുക്കളുടെ തിരിച്ചറിയല്‍ രേഖകളും കൂടി സ്കാന്‍ ചെയ്തയച്ചവരുടെ അപേക്ഷകളടക്കം ഇത്തരത്തില്‍ മറ്റ് ബൂത്തുകളിലേക്ക് അന്വേഷണത്തിനെത്തിയതായും പറയപ്പെടുന്നു.
അതേസമയം തെരഞ്ഞെടുപ്പ് കമീഷന്റെ ഫോറം 6 എയില്‍ ഏത് ബൂത്തിലേക്കാണെന്ന ഒരു ചോദ്യവും ബന്ധുക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം കൂടി ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഈ പിഴവ് സംഭവിക്കില്ലായിരുന്നുവെന്നും ഇപ്പോള്‍ ഒരേ അപേക്ഷ തന്നെ നടപടികള്‍ക്കായി രണ്ടും മൂന്നും പ്രാവശ്യം തിരിച്ചയക്കേണ്ടി വരികയും കാലതാമസമെടുക്കുകയും ചെയ്യുന്നത് ഒഴിവാക്കാനും കഴിയുമായിരുന്നുവെന്നും ബി.എൽ.ഒമാർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

