യുവതിയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് റിമാന്‍ഡില്‍
text_fieldsrepresentational image
കുളത്തൂപ്പുഴ: കുടുംബവഴക്കിനെതുടര്‍ന്ന് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. കുളത്തൂപ്പുഴ വലിയേല വിഷ്ണുഭവനില്‍ വിഷ്ണുദേവിനെ (23) ആണ് കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്. തലക്ക് സാരമായി പരിക്കേറ്റ സാംനഗര്‍ സ്വദേശിനിയായ സന്ധ്യ (21) പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കുടുംബവഴക്കിനെതുടര്‍ന്ന് വിഷ്ണുദേവുമായി പിണങ്ങിയ സന്ധ്യ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാംനഗറിലുള്ള കുടുംബ വീട്ടിലായിരുന്നു.
പ്രശ്നങ്ങള്‍ സംസാരിച്ച് രമ്യതയിലാക്കി കഴിഞ്ഞദിവസം വലിയേലയിലേക്ക് മടക്കിവിളിച്ചുകൊണ്ടുവന്ന ശേഷവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. സ്വന്തം വീട്ടിലേക്ക് പോകാനായി ഇറങ്ങിയ സന്ധ്യയെ സമീപത്തിരുന്ന ചെടിച്ചട്ടിയെടുത്ത് വിഷ്ണുദേവ് അടിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ സന്ധ്യയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. സന്ധ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുളത്തൂപ്പുഴ പൊലീസ് കേസെടുത്തത്.