മലയോര ഹൈവേയില്‍ കാട്ടാനക്കൂട്ടമിറങ്ങി; ഗതാഗതം തടസ്സപ്പെട്ടു
text_fieldsജനവാസമേഖലക്ക് സമീപം കുട്ടിവനത്തിൽ നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം
കുളത്തൂപ്പുഴ: കാടിറങ്ങി ജനവാസമേഖലയിലേക്കെത്തിയ കാട്ടാനക്കൂട്ടം മലയോര ഹൈവേയിലേക്ക് കടന്നെത്തി. കഴിഞ്ഞദിവസം രാത്രിയിലാണ് മടത്തറ-കുളത്തൂപ്പുഴപാതയിൽ മൈലമൂട് കവലക്ക് സമീപം കുട്ടിയാന അടക്കമുള്ള കാട്ടാനക്കൂട്ടമെത്തിയത്. ഇതോടെ തിരുവനന്തപുരം-ചെങ്കോട്ട അന്തർസംസ്ഥാനപാതയില്‍ ഏറെനേരം ഗതാഗതം മുടങ്ങി. കഴിഞ്ഞദിവസം പകൽ ഡാലി മാത്രക്കരിക്കത്ത് വീട്ടിലെ വൈദ്യുതി തകരാര്‍ പരിഹരിച്ച് മടങ്ങുകയായിരുന്ന വൈദ്യുതിവകുപ്പ് ജീവനക്കാർ ആനയുടെ മുന്നിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതേ ആനക്കൂട്ടമാകാം രാത്രിയില്‍ റോഡിലേക്കിറങ്ങിയതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.
ഏറെനേരത്തിനുശേഷം കുളത്തൂപ്പുഴ വനം റേഞ്ച് വനപാലകരെത്തി ആനകളെ കാട്ടിലേക്ക് തുരത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വനം വകുപ്പ് മുമ്പ് സ്ഥാപിച്ചിരുന്ന സൗരോര്‍ജവേലി മറികടന്ന് കാട്ടാനകള്‍ വഴിയിലേക്കിറങ്ങുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ശബ്ദമുണ്ടാക്കി തുരത്താന്‍ ശ്രമിച്ചെങ്കിലും ഏറെനേരത്തിനുശേഷമാണ് ആനകള്‍ പ്രദേശത്തുനിന്ന് മടങ്ങിയത്. കഴിഞ്ഞ കുറെദിവസമായി കുളത്തൂപ്പുഴയിലും പരിസരപ്രദേശങ്ങളിലും രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനകളെത്തുന്നുണ്ട്. നിരന്തരം കൃഷിയിടങ്ങളിലേക്കും കടന്നെത്തുന്നതിനാല്‍ കോളനിപ്രദേശങ്ങളിലുള്ളവര് ഏറെ ഭയപ്പാടോടെയാണ് വീടിനുപുറത്തിറങ്ങുന്നതുപോലും. ജനവാസമേഖലക്ക് ചുറ്റും കിടങ്ങുകള്‍ നിര്‍മിക്കുന്നതിന് പദ്ധതി തയാറാക്കി വനം വകുപ്പിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നെങ്കിലും അനുമതി ലഭിക്കാത്തതിനാല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

