കുലശേഖരപുരം, ക്ലാപ്പന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് സി.പി.എം സ്ഥാനാർഥികള്‍ക്ക് ഉജ്ജ്വല വിജയം
text_fieldsകുലശേഖരപുരത്ത് സുരജാ ശിശുപാലന്റെ വിജയത്തിൽ ആഹ്ലാദംപ്രകടിപ്പിച്ച് ഇടതുമുന്നണി നടത്തിയ പ്രകടനം
കരുനാഗപ്പള്ളി: ഉപതെരഞ്ഞെടുപ്പ് നടന്ന കുലശേഖരപുരം, ക്ലാപ്പന പഞ്ചായത്തുകളിൽ സി.പി.എം സ്ഥാനാർഥികള്‍ ഉജ്ജ്വല വിജയം നേടി. രണ്ടിടത്തും ബി.ജെ.പി സ്ഥാനാർഥികളാണ് രണ്ടാംസ്ഥാനത്തെത്തിയത്. നാടിളക്കിയ പ്രചാരണം നടത്തിയെങ്കിലും യു.ഡി.എഫ് സ്ഥാനാർഥികൾ ദയനീയ പരാജയമാണ് രണ്ടിടത്തും ഏറ്റുവാങ്ങിയത്.
ക്ലാപ്പന ഗ്രാമപഞ്ചായത്തിൽ രണ്ടാം വാര്‍ഡായ പ്രയാര്‍ സൗത്ത്- ബിയില്‍ സി.പി.എം പ്രതിനിധിയായി മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർഥി ജയാദേവി 518 വോട്ട് നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥിയായി സുനിതാ ദിലീപിന് 110 വോട്ട് മാത്രമേ നേടാനായുള്ളൂ. ബി.ജെ.പി സ്ഥാനാർഥി ശിവകുമാർ സി.പി 241 വോട്ട് നേടി രണ്ടാംസ്ഥാനത്തെത്തി. കെ.എം. രാജുവിന്റെ മരണത്തെതുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. 502 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ രാജു വിജയിച്ചത്. മരണപ്പെട്ട രാജുവിന്റെ ഭാര്യ ജയാദേവിയാണ് ഇക്കുറി ഇടതുസ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചത്.
15 അംഗ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് 11, കോൺഗ്രസ് രണ്ട്, ബി.ജെ.പി ഒന്ന് സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ പതിനെട്ടാം വാർഡായ കൊച്ചുമാമൂട്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ പി. സുരജാ ശിശുപാലൻ 595 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി സ്ഥാനാർഥി അജിതാ സുരേഷ് 184 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തി. യു.ഡി.എഫ് സ്ഥാനാർഥിയായ കോൺഗ്രസിലെ ലാലാരാജൻ 143 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി.
വാർഡ് അംഗമായിരുന്ന ശ്യാമളയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 427 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി.പി.എം അംഗം ആയ ശ്യാമള തെരഞ്ഞെടുക്കപ്പെട്ടത്. ഇക്കുറി ഭൂരിപക്ഷം 595 ആയി വര്‍ധിപ്പിക്കുകയും ചെയ്തു. പഞ്ചായത്തിൽ എൽ.ഡി.എഫ് 13, യു.ഡി.എഫ് ഏഴ്, ബി.ജെ.പി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

