ടിക്കറ്റ് ഇതര വരുമാനത്തിൽ കെ.എസ്.ആർ.ടി.സിക്ക് നേട്ടം
text_fieldsകൊല്ലം: ജില്ലയിൽ കെ.എസ്.ആർ.ടി.സിയുടെ വിവിധ ടിക്കറ്റ് ഇതര പദ്ധതികൾ വരുമാനത്തിൽ മികച്ച വളർച്ച കൈവരിച്ചു. കൊറിയർ സർവിസ്, ഡ്രൈവിങ് സ്കൂൾ, ട്രാവൽ കാർഡ് പദ്ധതി, ഡിപ്പോകളിലെ ബ്രാൻഡിങ് പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാന വരുമാന മാർഗങ്ങൾ. രണ്ടുവര്‍ഷം മുമ്പാണ് ജില്ലയില്‍ കൊറിയര്‍ സേവനം തുടങ്ങിയത്. പ്രതിമാസം ഒമ്പതുലക്ഷം രൂപയോളം വരുമാനം ഇതിലൂടെ കെ.എസ്.ആര്.ടി.സിക്ക് ലഭിക്കുന്നുണ്ട്.
നിലവില്‍ കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി ഡിപ്പോകളിലാണ് കൊറിയര്‍ സേവനം ലഭ്യം. കൊല്ലം ഡിപ്പോയില്‍നിന്ന് പ്രതിദിനം 15,000 രൂപ വരെയും ബാക്കി ഡിപ്പോകളില്‍ 5000 രൂപ വരെയുമാണ് വരുമാനം. വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള സാധനങ്ങളും വൈദ്യുതി ഉപകരണങ്ങളുമാണ് കൂടുതലായും ഈ സേവനത്തിലൂടെ അയക്കുന്നുത്. ജില്ലയിൽ ടിക്കറ്റ് ഇതര വരുമാന പദ്ധതിയായ ഡ്രൈവിങ് സ്കൂള്‍ ആരംഭിച്ചത് കഴിഞ്ഞ ഡിസംബറിലാണ്.
ചടയമംഗലം ഡിപ്പോയിലാണ് പ്രവര്‍ത്തനം. ഇതുവരെ 59 പേര് ഇവിടുത്തെ പരിശീലനത്തിലൂടെ ഭാരവാഹനങ്ങളുടെ ലൈസന്‍സ് പരീക്ഷ വിജയിച്ചു. 21 പേര്‍ക്ക് ഇരുചക്ര, ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സും ലഭിച്ചു. 19,30,100 രൂപയാണ് ആഗസ്റ്റ് വരെ സ്കൂള്‍ നേടിയ വരുമാനം. ഭാരവാഹനങ്ങളുടെ ഡ്രൈവിങ് പരിശീലനത്തിന് 9,000 രൂപയും ഇരുചക്ര ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ പരിശീലനത്തിന് 11,000 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമായി 3500 രൂപയുമാണ് ഈടാക്കുന്നത്.
പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് 20 ശതമാനം ഫീസിളവുമുണ്ട്. ചില്ലറ പ്രശ്നങ്ങൾ ഒഴിവാക്കാൻ ആരംഭിച്ച ട്രാവൽ കാർഡ് പദ്ധതി ജില്ലയിൽ ജനപ്രിയമായിരിക്കുകയാണ്. 27,600 കാർഡുകളാണ് ഇതുവരെ ജില്ലയിൽ വിവിധ ഡിപ്പോകള്‍ വഴി വിതരണം ചെയ്തത്. പ്ലസ് ടു വരെ വിദ്യാർഥികൾക്കായി പ്രതിമാസം 25 ദിവസം യാത്രചെയ്യാനായി 110രൂപക്ക് ഡിജിറ്റൽ കൺസഷൻ കാർഡും നൽകിവരുന്നു.
സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ജില്ലയിലെ ഡിപ്പോകളിൽ സൗന്ദര്യവത്കരണം ആരംഭിച്ചു. പുനലൂർ ഡിപ്പോയിൽ പൂന്തോട്ടം ഒരുക്കിയതോടെ ആദ്യഘട്ടം പൂർത്തിയായി. പെയിന്റിങ്, അറ്റകുറ്റപ്പണികൾ, സൗകര്യങ്ങൾ വികസിപ്പിക്കൽ എന്നിവയും ഉടൻ പൂർത്തിയാകും. യാത്രക്കാരുടെ സൗകര്യത്തിനായി ചലോ ആപ്പ് വഴി ബസുകളുടെ തത്സമയ ലൊക്കേഷൻ, റൂട്ടുകൾ, ഒഴിവുള്ള സീറ്റുകൾ, ഓൺലൈൻ ടിക്കറ്റിങ്, പാസ് വാങ്ങൽ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. യു.പി.ഐ, കാർഡ്, നെറ്റ് ബാങ്കിങ്, വാലറ്റ്, ട്രാവൽ കാർഡ് എന്നിവ ഉപയോഗിച്ച് പണരഹിത യാത്രയും സാധ്യമാക്കി. ഓരോ യാത്രയുടെ വരുമാനവും തിരക്കും ഓൺലൈനായി നിരീക്ഷിക്കുന്നതിനാൽ സമയക്രമം കാര്യക്ഷമമായി നടപ്പാക്കാനും വരുമാനത്തിൽ വർധന നേടാനും കഴിഞ്ഞതായി കെ.എസ്.ആർ.ടി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

