ഉയരപ്പാതയിലെ സംരക്ഷണ ഭിത്തിയിൽ ബസ് ഇടിച്ചുകയറി; ഒഴിവായത് വൻദുരന്തം
text_fieldsചാത്തന്നൂർ: ദേശീയപാതയിലെ ഉയരപ്പാതയിൽ കരാർ കമ്പനി സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് വശങ്ങളിലെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചുകയറി. സംരക്ഷണ ഭിത്തി തകരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ശനിയാഴ്ച രാവിലെ പത്തോടെ കൊല്ലം-തിരുവനന്തപുരം ദേശീയപാതയിൽ നിർമാണപ്രവൃത്തി പൂർത്തിയായ ചാത്തന്നൂർ ശീമാട്ടി ജങ്ഷനിലെ മേൽപാലത്തിലാണ് അപകടം.
തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ് നിർമാണകമ്പനി അധികൃതർ അപകടസൂചനക്കായി റോഡിന് കുറുകെ വെച്ചിരുന്ന കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട് റോഡിന്റെ സംരക്ഷണഭിത്തിയിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ഡ്രൈവറുടെ ആശ്രദ്ധയിലാണ് ഡിവൈഡറിൽ ഇടിച്ചത്.
നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയോട് ചേർന്ന് കുറച്ചു ദൂരം സഞ്ചരിച്ചതിന് നിന്നത് മൂലം ബസ് റോഡിലേക്ക് മറിയാതെ വലിയ അപകടം ഒഴിവായി. ആൾക്കാർ കയറിയിറങ്ങുന്ന വാതിൽ ഉൾപ്പടെ സംരക്ഷണഭിത്തിയിൽ ചേർന്ന് നിന്നതോടെ നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചു. അവർ സ്ഥലത്തെത്തി യാത്രക്കാരെ ഡ്രൈവറുടെ വാതിൽ കൂടിയും ജനാലകളിലൂടെയും പുറത്തിറക്കി. ആർക്കും പരിക്കില്ല.
കോൺക്രീറ്റ് സുരക്ഷ ഡിവൈഡറിൽ ബസിന്‍റെ ഡോറിന്റെ ഭാഗം തട്ടി ഡിവൈഡർ മറിഞ്ഞാണ് അപകടം ഉണ്ടായതെന്ന് പൊലിസ് പറഞ്ഞു. തിരുവനന്തപുരം ഭാഗത്ത് നിന്നുവന്ന ഫാസ്റ്റ് പാസഞ്ചർ സർവീസ് റോഡിൽ സ്റ്റോപ്പുള്ള ശീമാട്ടി ജങ്ഷൻ ഒഴിവാക്കി മേൽപാലത്തിലൂടെ വരികയായിരുന്നു. ചാത്തന്നൂർ പൊലിസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

