യുവാവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി
text_fieldsകസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു
കൊട്ടിയം: നെടുമ്പന പഴങ്ങാലം ഇടപ്പനയത്ത് വടക്കടത്ത് ഏലായ്ക്ക് സമീപം യുവാവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിൽ പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
വർക്കല പനയറ സനോജ് ഭവനിൽ പ്രസാദിനെയാണ് (46) വ്യാഴാഴ്ച ഉച്ചയോടെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അന്വേഷണം നടത്തുന്ന കണ്ണനല്ലൂർ എസ്.എച്ച്.ഒ ഗംഗപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
ഇൻസ്പെക്ടർ ഗംഗപ്രസാദ്, എസ്.ഐമാരായ കൃഷ്ണ ലാൽ, സുനിൽകുമാർ, സ്പെഷൽ ബ്രാഞ്ച് എസ്.ഐ അനിൽകുമാർ, എ.എസ്.ഐ ജ്യോതിഷ് കുമാർ, പ്രജീഷ്, മനാഫ്, നജുമുദീൻ, രാജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇടപ്പനയത്തുള്ള ബന്ധു പവിത്രന്റെ വീട്ടിലെത്തിയ കേരളപുരം മുണ്ടൻചിറ മാടൻ കാവിന് സമീപം ജിതേഷ് ഭവനിൽ സജിതിനെയാണ് (27) എട്ടംഗ സംഘം വഴിയിൽ തടഞ്ഞ് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സഹോദരൻ സുജിത്ത് (19) സുഹൃത്ത് കേരളപുരം അശ്വതി ഭവനിൽ അശ്വിൻ (19) എന്നിവർക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുവരും അപകടനില തരണം ചെയ്തു. കൊല്ലപ്പെട്ട സജിത്തിന്റെ പിതൃസഹോദരനെ പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുന്നതറിഞ്ഞാണ് ഇവർ കേരളപുരത്തു നിന്നെത്തിയത്.
സംഭവമറിഞ്ഞ് കണ്ണനല്ലൂർ പൊലീസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും താക്കീത് നൽകി പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ട ശേഷമായിരുന്നു മടങ്ങിയത്. പൊലീസ് നിർദേശിച്ചത് അനുസരിച്ച് രാത്രി 12ന് ബൈക്കിൽ മടങ്ങവേ വടക്കടത്ത് ഏലാ-ചങ്ങാതിമുക്ക് റോഡിൽ ഇവരെ തടഞ്ഞ് വെട്ടിയും കുത്തിയും ആക്രമിക്കുകയായിരുന്നു.
കുത്തേറ്റ് ഗുരുതരാവസ്ഥയിൽ കിടന്ന സജിത്തിനെ പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അന്നുതന്നെ പിടികൂടിയിരുന്നു. ഇനിയും ചിലർ കൂടി അറസ്റ്റിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

