യുവാവിനെ ആക്രമിച്ച സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
text_fieldsകൊട്ടിയം: അർധരാത്രി യുവാവിനെ ആക്രമിച്ച സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. മയ്യനാട് നടുവിലക്കര പുതുവല്‍ പാറപ്പുറം വീട്ടില്‍ എബിൻ (24), പുതുവല്‍ പാറപ്പുറം വീട്ടില്‍ ഫിജില്‍ എന്നിവരാണ് അറസ്റ്റിലായത്. നാലിന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒറ്റപ്ലാമൂട് സ്വദേശി കുമാരദാസിനെയാണ് ഇവര്‍ ഉള്‍പ്പെട്ട സംഘം ആക്രമിച്ചത്.
ചൂരല്‍പൊയ്ക കുരിശടി മുക്കില്‍ അക്രമിസംഘം ഇയാളെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കീഴ്താടിക്കും കണ്ണിനും ഗുരുതരമായ പരിക്കേറ്റിരുന്നു. ഇയാള്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കുമാരദാസിന്റെ പരാതിയിലാണ് അറസ്റ്റ്. കൊട്ടിയം സബ് ഇന്‍സ്പെക്ടര്‍ സുജിത് ജി. നായരുടെ നേതൃത്വത്തില്‍ എസ്.ഐ ഷിഹാസ്, എ.എസ്.ഐ മധു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.

